Sorry, you need to enable JavaScript to visit this website.

കേരള ബാങ്കിന്റെ പേരില്‍ നിയമനത്തട്ടിപ്പ്, ആരും പെട്ടുപോകരുതെന്ന് ബാങ്ക് അധികൃതര്‍

തിരുവനന്തപുരം - കേരള ബാങ്കിന്റെ പേരില്‍ നിയമനത്തട്ടിപ്പ് നടക്കുന്നതായി കണ്ടെത്തി. ബാങ്കിന്റെ ലോഗോ അനധികൃതമായി ഉപയോഗിച്ച് 'പ്രൊബേഷണറി ഓഫീസര്‍ ഇന്‍ ജൂനിയര്‍ മാനേജ്‌മെന്റ് ' തസ്തികയിലേക്ക് താല്‍ക്കാലികമായി തെരഞ്ഞെടുത്തുവെന്ന് കാണിക്കുന്ന വ്യാജനിയമന കത്ത് കോഴിക്കോട് സ്വദേശിക്കാണ് ലഭിച്ചത്. ഇത്തരത്തില്‍ പലര്‍ക്കും നിയമനക്കത്ത് ലഭിച്ചിരിക്കാമെന്നും ഇത് തട്ടിപ്പാണെന്നും ബാങ്ക് അധികൃതര്‍ പറയുന്നു. കേരള ബാങ്കിന്റെ പ്യൂണ്‍ മുതലുള്ള മുഴുവന്‍ തസ്തികകളിലെയും നിയമനങ്ങള്‍ പി എസ് സി വഴിയാണെന്നും നേരിട്ട് നിയമനം നല്‍കുന്ന രീതി ബാങ്കിനില്ലെന്നും ജനറല്‍ മാനേജര്‍ അറിയിച്ചു. ആരും ഇത്തരത്തിലുള്ള തട്ടിപ്പില്‍ പെട്ടുപോകരുതെന്നും ബാങ്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നിയമനത്തിനായി  'കേരള ബാങ്ക്, സ്റ്റാഫ് ട്രെയിനിങ് സെന്റര്‍, ചാലപ്പുറം, കോഴിക്കോട്' എന്ന ഓഫീസില്‍ രണ്ടാഴ്ചത്തെ 'ഇന്‍ഡക്ഷന്‍ പ്രോഗ്രാമില്‍' പങ്കെടുക്കണമെന്നാണ് കോഴിക്കോട് സ്വദേശിക്ക് ലഭിച്ച കത്തിലുണ്ടായിരുന്നത്. ബാങ്കിന്റെ ലോഗോ ഉപയോഗിച്ച് 'കേരള ബാങ്ക്, ഹ്യൂമന്‍ റിസോഴ്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ്, ഹെഡ് ഓഫീസ്, ചാലപ്പുറം, കോഴിക്കോട്' എന്ന വിലാസത്തില്‍ 'ആര്‍ എം രാമകൃഷ്ണന്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആന്‍ഡ് അപ്പോയിന്റിങ് അതോറിറ്റി' എന്ന പേരിലാണ് വ്യാജ നിയമന കത്ത് നല്‍കിയത്. കത്തില്‍ പരാമര്‍ശിക്കുന്ന തസ്തികയായ 'പ്രൊബേഷണറി ഓഫീസര്‍' ബാങ്കിന്റെ റിക്രൂട്ട്‌മെന്റ് റൂള്‍ പ്രകാരം നിലവില്‍ ഇല്ലാത്തതാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ച് പണം തട്ടിയെടുക്കാനാണ് ശ്രമം നടക്കുന്നത്. വലിയൊരു സംഘം തന്നെ ഇത്തരം തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സംശയിക്കുന്നത്.

 

Latest News