Sorry, you need to enable JavaScript to visit this website.

നിര്‍മിച്ച സര്‍ട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തില്‍  കീറിയുപേക്ഷിച്ചു-കെ. വിദ്യ 

പാലക്കാട്- വ്യാജപ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയെന്ന കേസില്‍ വിദ്യയ്ക്കെതിരേ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പുതിയ വെളിപ്പെടുത്തലുകള്‍. നിര്‍മിച്ച സര്‍ട്ടിഫിക്കറ്റ്
അട്ടപ്പാടിച്ചുരത്തിലെ പോലീസ് എയ്ഡ്പോസ്റ്റിനു സമീപം വളവില്‍വെച്ചു കീറി കാട്ടില്‍ ഉപേക്ഷിച്ചതായാണ് വിദ്യയുടെ മൊഴിയെന്ന് അഗളി പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
മൊഴിപ്രകാരം പോലീസ് വിദ്യയുടെ മൊബൈല്‍ ഫോണിലെ മെമ്മറി കാര്‍ഡില്‍ സൂക്ഷിച്ചിരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സര്‍ട്ടിഫിക്കറ്റുകള്‍ ഉപേക്ഷിച്ച സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അട്ടപ്പാടി കോളേജില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് തിരിച്ചുവരുമ്പോള്‍, മഹാരാജാസ് കോളേജ് സര്‍ട്ടിഫിക്കറ്റില്‍ സംശയമുണ്ടെന്ന് കോളേജിലെ അധ്യാപിക ഫോണില്‍ വിളിച്ചുപറഞ്ഞപ്പോള്‍ ഭയന്ന് ഫോണ്‍ ഓഫ് ചെയ്തു. തുടര്‍ന്നാണ് സര്‍ട്ടിഫിക്കറ്റിന്റെ അസലുകള്‍ ചുരത്തില്‍ ഉപേക്ഷിച്ചത്.
കാസര്‍കോട് കരിന്തളം കോളേജില്‍ മലയാളം വിഭാഗത്തില്‍ താത്കാലിക ജോലിക്കായി മൊബൈല്‍ ഫോണില്‍ സ്വയം നിര്‍മിച്ചതാണ് വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റെന്ന് വിദ്യ മൊഴിനല്‍കിയതായും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
ജോലി ലഭിക്കില്ലെന്നു പേടിച്ചാണ് മൊബൈല്‍ ആപ്പ് വഴി വ്യാജരേഖകള്‍ നിര്‍മിച്ചത്. മഹാരാജാസ് കോളേജില്‍ ആസ്പയര്‍ ഫെലോഷിപ്പ് ചെയ്തപ്പോള്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റിലെ മാതൃകയാണ് ഇതിന് ഉപയോഗിച്ചത്. സീല്‍, ഒപ്പ് എന്നിവയൊക്കെ ഇതില്‍നിന്നു സ്‌കാന്‍ചെയ്ത് ഉപയോഗിക്കുകയായിരുന്നെന്ന് വിദ്യ സമ്മതിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ടുകാലയളവിലായി രണ്ടു സര്‍ട്ടിഫിക്കറ്റുകള്‍ ഇങ്ങനെ ഉണ്ടാക്കി സ്വന്തം മെയിലിലേക്ക് അയച്ച് പ്രിന്റെടുത്തു. ഇതുണ്ടാക്കാനുപയോഗിച്ച മൊബൈല്‍ ഉപേക്ഷിച്ചെന്നും പറയുന്നു. കരിന്തളം കോളേജില്‍ ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിചെയ്തു. പിന്നീട് അട്ടപ്പാടി കോളേജില്‍ ഇതേ സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം ഒപ്പിട്ട അപേക്ഷയോടൊപ്പം ജൂണ്‍ രണ്ടിന് നല്‍കിയതായും പറയുന്നു.

Latest News