ദുബായ്- മലയാളി യുവതി യു.എ.ഇയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ദുബായ് പോലീസ് അറിയിച്ചു. പടിഞ്ഞാറെ കൊല്ലം സ്വദേശിനി നീതുവെന്ന 35 കാരിയാണ് വീട്ടിൽ കുളിക്കുന്നതിനിടെ ഷോക്കറ്റ് മരിച്ചത്. കുടുംബം ദുരൂഹതയൊന്നും ആരോപിച്ചിട്ടില്ലെങ്കിലും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനാണ് അന്വേഷണം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. എഞ്ചിനീയറും ആറു വയസ്സായ കുട്ടിയുടെ അമ്മയുമായ നീതു ഗണേഷിന്റെ മൃതദേഹം കേരളത്തിലെത്തിച്ച് സംസ്കരിച്ചു.
കെട്ടിടത്തിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കുന്നതിലുണ്ടായ അശ്രദ്ധയും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ജൂൺ 14 ന് വൈകുന്നേരമായിരുന്നു ദാരുണമായ സംഭവം. എഞ്ചിനീയറായ ഭർത്താവ് വിശാഖ് ഗോപി, മകൻ നവിഷ് കൃഷ്ണ, വീട്ടുജോലിക്കാരി എന്നിവർ അൽ ത്വാർ-3 ഏരിയയിലെ ഒരു വില്ലയുടെ ഔട്ട്‌ഹൗസിലാണ് താമസിച്ചിരുന്നത്.
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഉച്ചയ്ക്ക് ശേഷം പ്രദേശത്ത് വൈദ്യുതി മുടങ്ങിയതായി കുടുംബം പറയുന്നു. അന്ന് വീട്ടിൽ നിന്ന് തന്നെ ജോലി ചെയ്ത നീതു കുളിക്കാൻ പോയതായിരുന്നു. വൈദ്യുതി പുനഃസ്ഥാപിക്കാത്തതിനാൽ എമർജൻസി ലാമ്പാണ് ഉപയോഗിച്ചിരുന്നത്.
രാത്രി 7.15 ഓടെ പാത്രങ്ങൾ കഴുകുന്നതിനിടെ വീട്ടുജോലിക്കാരിക്ക് വൈദ്യുതാഘാതമേറ്റിരുന്നു. അതേ സമയം കുളിമുറിയിൽ നിന്ന് നീതുവിന്റെ നിലവിളിയും ഉയർന്നു. താൻ വൃത്തിയാക്കിയിരുന്ന പാത്രം എറിഞ്ഞതിനാൽ രക്ഷപ്പെട്ടുവെന്നാണ് വേലക്കാരി പറഞ്ഞത്. ജോലിക്കാരിയും വിശാഖും നീതുവിനെ തേടി കുളിമുറിയിലേക്ക് ഓടി. നീതുവിൽ നിന്ന് മറുപടി ഇല്ലാത്തതിനെ തുടർന്ന് വിശാഖ് ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ചാണ് ഡോർ ലോക്ക് തകർത്തത്. ബാത്ത് ടബ്ബിൽ നിന്ന് വീണ നിലയിലായിരുന്നു നിതു.
വിശാഖ് ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് നീതുവിന്റെ ശരീരത്തിൽ നിന്ന് ഷവർ ഹോസ് നീക്കം ചെയ്ത് സിപിആർ നൽകുകയും ആംബുലൻസിനെ വിളിക്കുകയും ചെയ്തു. സംഭവസ്ഥലത്തെത്തിയ പാരാമെഡിക്കൽ ജീവനക്കാരും സിപിആർ നൽകിയ ശേഷം ഗുസൈസിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അന്വേഷണം ആരംഭിച്ച ദുബായ് പോലീസ് കുടുംബത്തെ താമസ സ്ഥലത്തേക്ക് ഫോറൻസിക് വിദഗ്ധരെ അയച്ചിരുന്നു. വാഷ്‌റൂമിലെ വാട്ടർ ഹീറ്ററും മറ്റ് ആവശ്യമായ സാമ്പിളുകളും ശേഖരിച്ച് ശുചിമുറി സീൽ ചെയ്തിരിക്കയാണ്. അപകടമാണെന്ന് വ്യക്തമായതിനെ തുടർന്നാണ് നീതുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ കുടുംബത്തിന് പോലീസ് അനുമതി നൽകിയത്.