വിദേശികളുടെ എണ്ണത്തിലുണ്ടായ കുറവ് 22 ശതമാനം
റിയാദ് - ഒരു കൊല്ലത്തിനിടെ ഗവൺമെന്റ് സ്ഥാപനങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നും 14,539 വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ സർക്കാർ സർവീസിൽ 65,284 വിദേശികളുണ്ടായിരുന്നു. ഈ വർഷം ആദ്യ പാദാവസാനത്തെ കണക്കുകൾ പ്രകാരം സർക്കാർ സർവീസിലെ വിദേശികളുടെ എണ്ണം 50,745 ആയി കുറഞ്ഞു. സിവിൽ സർവീസ് ജീവനക്കാരായ സൗദികളുടെ എണ്ണം ഒരു വർഷത്തിനിടെ കാര്യമായ മാറ്റമില്ലാതെ തുടർന്നു. 2017 ആദ്യ പാദത്തിൽ സൗദി ജീവനക്കാർ 11,78,936 ആയിരുന്നു. ഈ വർഷം ആദ്യ പാദത്തിൽ ഇത് 11,78,328 ആയി കുറഞ്ഞു. ഒരു വർഷത്തിനിടെ സിവിൽ സർവീസിൽ സൗദി ജീവനക്കാരുടെ എണ്ണത്തിൽ 508 പേരുടെ കുറവ് മാത്രമാണുണ്ടായത്.
കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ സൗദികളും വിദേശികളും അടക്കം സിവിൽ സർവീസിൽ 12,44,220 പേരും ഈ വർഷം ആദ്യ പാദത്തിൽ 12,29,073 പേരുമാണുണ്ടായിരുന്നത്. സൗദികളും വിദേശികളും അടക്കം സിവിൽ സർവീസ് ജീവനക്കാരുടെ ആകെ എണ്ണത്തിൽ ഒരു വർഷത്തിനിടെ 15,047 പേരുടെ കുറവുണ്ടായി. ഒരു കൊല്ലത്തിനിടെ സർക്കാർ സർവീസിലെ വിദേശികളുടെ എണ്ണം 22 ശതമാനം കുറഞ്ഞു. സിവിൽ സർവീസിൽ ജോലി ചെയ്യുന്ന സൗദികളിൽ 59.4 ശതമാനം പുരുഷന്മാരും 40.6 ശതമാനം വനിതകളുമാണ്. പുരുഷ ജീവനക്കാർ ഏഴു ലക്ഷവും വനിതാ ജീവനക്കാർ 4,78,000 വും ആണ്. എന്നാൽ വിദേശ ജീവനക്കാരിൽ പുരുഷന്മാർ 52.9 ശതമാനവും വനിതകൾ 47.1 ശതമാനവുമാണ്. സൈനിക, സുരക്ഷാ മേഖലകളിൽ ജോലി ചെയ്യുന്ന സൗദികളുടെയും വിദേശികളുടെയും ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിലും സിവിൽ സർവീസ് മന്ത്രാലയത്തിന്റെ രേഖകളിലും രജിസ്റ്റർ ചെയ്യാത്തവരുടെയും കണക്ക് ഇതിൽ പെടില്ല. ഈ വർഷം ആദ്യ പാദാവസാനത്തെ കണക്കുകൾ പ്രകാരം സൗദിയിൽ സൈനികേതര പൊതു മേഖലയിലും സ്വകാര്യ മേഖലയിലും കൂടി ആകെ 13.33 ദശലക്ഷം പേർ ജോലി ചെയ്യുന്നുണ്ട്. ഇതിൽ 9.2 ശതമാനം സിവിൽ സർവീസ് ജീവനക്കാരാണ്.