ജിദ്ദ- ഹജ് സേവന രംഗത്തെ ആദ്യത്തെ കൂട്ടായ്മയും രണ്ടര പതിറ്റാണ്ടിന്റെ സേവന പാരമ്പര്യവുമായി ജൂൺ ഇരുപത്തിമൂന്ന് വെള്ളിയാഴ്ച ഫാദൽ ഓഡിറ്റോറിയത്തിൽ നടന്ന ജിദ്ദ ഹജ് വെൽഫെയർ ഫോറത്തിന്റെ വളണ്ടിയർ മഹാസംഗമം ശ്രദ്ധേയമായി. വളണ്ടിയർമാർക്കുള്ള സമഗ്ര പരിശീലനത്തിന്റെ ഭാഗമായി മൂന്നു സെഷനുകളിലായാണ് പരിപാടികൾ
ആവിഷ്‌കരിച്ചത്.
സംഗമത്തിൽ ഫോറം ചെയർമാൻ നസീർ വാവക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. വളണ്ടിയർ സേവനത്തിന്റെ ശാസ്ത്രീയ സംഘാടനവും പരിശീലനങ്ങളും ആവിഷ്‌കരിക്കുന്നതിന്റെ അജയ്യതയാണ് നൂറുകണക്കിന് വളണ്ടിയർമാരുടെ വർധിച്ച പങ്കാളിത്തമെന്നും പൊതുജന പിന്തുണയും ഐക്യവുമാണ് ഹജ് വെൽഫെയർ ഫോറത്തിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. ഫോറത്തിന്റെ ജനാധിപത്യ പൂർണമായ സഹവർത്തിത്വത്തിനായി യത്‌നിച്ച മൺമറഞ്ഞ സുമനസ്സുകളേയും മുൻകാല നേതാക്കളേയും വളണ്ടിയർ മഹാസംഗമം അനുസ്മരിച്ചു.
ഫാദിൽ ഗ്രൂപ്പ് ചെയർമാൻ ഷെയ്ഖ് അബ്ദുൽ റഹിമാൻ അൽ ഫാദിൽ മുഖ്യാതിഥിയായിരുന്നു. ഫോറം ജനറൽ കൺവീനർ അഷ്‌റഫ് വടക്കേക്കാട് സ്വാഗതവും ട്രഷറർ ഷറഫുദ്ധീൻ കാളികാവ് കൃതജ്ഞതയും രേഖപ്പെടുത്തി.
ജനറൽ കൺവീനർ സി.എച്ച് ബഷീർ, കെ.ടി.എ മുനീർ, സത്താർ കണ്ണൂർ, സി.വി മുംതാസ് അഹമ്മദ്, രക്ഷാധികാരി ചെമ്പൻ അബ്ബാസ്, മീഡിയ ഫോറം പ്രതിനിധി ജാഫറലി പാലക്കോട്, മാമദു പൊന്നാനി, ഹിന്ദി സംസാരിക്കുന്ന വളണ്ടിയർമാരുടെ പ്രതിനിധി തൻവീർ അഹമ്മദ് എന്നിവർ സംസാരിച്ചു.
രണ്ടാം സെഷനിൽ ആരോഗ്യ ബോധവത്കരണ സെമിനാർ ജെ.എൻ.എച്ച് ഹോസ്പിറ്റൽ ഇന്റേണൽ മെഡിസിൻ വിഭാഗം മേധാവി ഡോ.ഇന്ദു ചന്ദ്ര അവതരിപ്പിച്ചു. വളണ്ടിയർമാർ പാലിക്കേണ്ട ആരോഗ്യ നിഷ്‌കർഷയും രോഗ പ്രതിരോധ മാർഗങ്ങളും വിശദമായി ഡോ.ഇന്ദു ചന്ദ്ര അവതരിപ്പിച്ചു. തുടർന്നു നടന്ന സെഷനിൽ വളണ്ടിയർ പ്രവർത്തനത്തിന്റെ ആത്മീയ സാമൂഹ്യ മാനങ്ങൾ പ്രശസ്ത മോഡറേറ്റർ നിസാർ അഹമ്മദ് അവതരിപ്പിച്ചു.
മൂന്നാം സെഷനിൽ വളണ്ടിയർമാർ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ, കർത്തവ്യങ്ങൾ, ഹജിന്റെ കർമങ്ങൾ നടക്കുന്ന പുണ്യ പ്രദേശങ്ങൾ, റൂട്ട്മാപ്പ്, മാപ്പ് റീഡിംഗ് എന്നിവ വളണ്ടിയർ ക്യാപ്റ്റൻ ഷാഫി മജീദ്, ഐ.ഡി.സി ലീഡർ നാസർ ചാവക്കാട് എന്നിവർ അവതരിപ്പിച്ചു.
സേവന വേളയിൽ ഉപയോഗിക്കാനാവശ്യമായ ചക്രക്കസേരകൾ സംഭാവന നൽകിയ ബഖാല കൂട്ടായ്മ, ഫിറോസ് കൂട്ടായ്മ, കുടകൾ സംഭാവന നൽകിയ ഗുഡ് കെയർ കാർഗോ എന്നിവ അവരുടെ പ്രതിനിധികളിൽ നിന്നും ഫോറം ഏറ്റുവാങ്ങി. ഫോറം ജനറൽ സെക്രട്ടറി സൈനുൽ ആബിദ്, ഓഫീസ് സെക്രട്ടറി കൊടശ്ശേരി കുഞ്ഞിമുഹമ്മദ്, അബ്ദുൽ റഹീം ഒതുക്കുങ്ങൽ, സഫറുല്ല മുല്ലോളി, അബ്ദുൽ റഷീദ് കാസിം കുഞ്ഞ്, ഐ.ടി കൺവീനർ സഹീർ അഹമ്മദ്, റഷീദ് കാപ്പുങ്ങൽ, നഈം മോങ്ങം, ഗഫൂർ കെ.സി, കെ.വി മൊയ്തീൻ, ഹസ്സൻ നവോദയ, അഷ്‌റഫ് പാപ്പിനിശ്ശേരി, ഡോ.ദാവൂദ് എന്നിവർ നേതൃത്വം നൽകി. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വളണ്ടിയർമാർ പങ്കെടുത്ത മഹാസംഗമം ഒരേ സമയം ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ സംവദിച്ചതിൽ വളണ്ടിയർമാർ സന്തുഷ്ടി രേഖപ്പെടുത്തി.