മക്ക- ഹജ് തീർഥാടകരുടെ താമസസ്ഥലങ്ങളിൽ അഞ്ചു പ്രവൃത്തികൾക്ക് വിലക്കുള്ളതായി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത് ലംഘിക്കുന്നവർക്ക് ആറു മാസം വരെ തടവും 30,000 റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. താമസസ്ഥലങ്ങളിൽ അഗ്നിശമന സംവിധാനം ഏർപ്പെടുത്തുന്നതിൽ തട്ടിപ്പോ വഞ്ചനയോ നടത്തുക, കെട്ടിടങ്ങളിലെ സുരക്ഷാ പ്ലാനുകളുമായി ബന്ധപ്പെട്ട് എൻജിനീയറിംഗ് ഓഫീസുകൾ വഞ്ചന നടത്തുക, ഗുരുതര നിയമ ലംഘനത്തിന്റെ പേരിൽ അടച്ചുപൂട്ടിയ കെട്ടിടം നിയമ ലംഘനം അവസാനിപ്പിക്കാതെ വീണ്ടും പൂർണമായോ ഭാഗികമായോ തുറന്ന് പ്രവർത്തിക്കുക എന്നിവ കർശനമായി വിലക്കിയിട്ടുണ്ട്.
കൂടാതെ സുരക്ഷാ സംവിധാനങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ വഞ്ചനകളും തട്ടിപ്പുകളും കാണിക്കുന്നതിനും റിപ്പയർ ജോലികളിൽ അശ്രദ്ധ കാണിക്കുന്നതിനും വിലക്കുണ്ട്. ഗുണനിലവാര മാനദണ്ഡങ്ങൾക്ക് നിരക്കാത്ത സുരക്ഷാ സംവിധാനങ്ങളും ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിനും വിൽക്കുന്നതിനും ഹാജിമാരുടെ കെട്ടിടങ്ങളിൽ ഫിറ്റ് ചെയ്യുന്നതിനും വിലക്കുണ്ടെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.