Sorry, you need to enable JavaScript to visit this website.

ഫലസ്തീനിൽ നിന്നുള്ള അതിഥികൾ: ആദ്യ സംഘങ്ങൾ പുണ്യഭൂമിയിൽ

തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അതിഥികളായി എത്തിയ ഫലസ്തീനി തീർഥാടകരെ മക്കയിലെ ഹോട്ടലിൽ ഇസ്‌ലാമികകാര്യ മന്ത്രാലയം സ്വീകരിക്കുന്നു. 

മക്ക- തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ് നിർവഹിക്കാൻ അവസരം ലഭിച്ച ഫലസ്തീനിൽ നിന്നുള്ള തീർഥാടകരുടെ ആദ്യ സംഘങ്ങൾ പുണ്യഭൂമിയിലെത്തി. ഇസ്രായിലി ആക്രമണത്തിൽ വീരമൃത്യുവരിച്ചവരുടെ ബന്ധുക്കളും പരിക്കേറ്റവരും അടക്കം 1000 പേർക്കാണ് ഇത്തവണ രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ് നിർവഹിക്കാൻ അവസരം ലഭിച്ചിരിക്കുന്നത്. ഇക്കൂട്ടത്തിൽ പെട്ട മൂന്നു സംഘങ്ങളാണ് ഇന്നലെ വൈകീട്ടോടെ മക്കയിലെത്തിയത്. ഇന്നലെ രാവിലെ എത്തിയ സംഘത്തിൽ 329 തീർഥാടകരും വൈകീട്ടോടെ എത്തിയ രണ്ടാമത്തെയും മൂന്നാമത്തെയും സംഘങ്ങളിൽ 548 ഹാജിമാരുമാണുണ്ടായിരുന്നത്. 
പൂച്ചെണ്ടുകളും കാപ്പിയും ജ്യൂസുകളും ചോക്കലേറ്റും പലഹാരങ്ങളും മറ്റും വിതരണം ചെയ്ത് മക്കയിലെ താമസസ്ഥലത്ത് ഇസ്‌ലാമികകാര്യ മന്ത്രാലയം ഉദ്യോഗസ്ഥർ തീർഥാടകരെ ഊഷ്മളമായി സ്വീകരിച്ചു. മക്കയിൽ ഹറമിനു സമീപമുള്ള ലക്ഷ്വറി ഹോട്ടലുകളിലാണ് രാജാവിന്റെ അതിഥികളായി ഹജ് നിർവഹിക്കുന്നവർക്ക് താമസസൗകര്യം ഏർപ്പെടുത്തിയിരുന്നത്. ഇത്തവണ രാജാവിന്റെ അതിഥികളായി ആകെ 2,300 പേരാണ് ഹജ് നിർവഹിക്കുന്നത്. ലോകത്തെ 90 രാജ്യങ്ങളിൽ നിന്നുള്ള 1,300 പേർക്കും ഫലസ്തീനിൽ നിന്നുള്ള 1000 പേർക്കുമാണ് രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ് നിർവഹിക്കാൻ അവസരം ലഭിച്ചിരിക്കുന്നത്. ഫലസ്തീനികൾ ഒഴികെ മറ്റു രാജ്യങ്ങളിൽ നിന്നുള്ള രാജാവിന്റെ അതിഥികൾ മുഴുവൻ ദിവസങ്ങൾക്കു മുമ്പു തന്നെ മക്കയിലെത്തിയിട്ടുണ്ട്. രാജാവിന്റെ അതിഥികൾക്കുള്ള മുഴുവൻ ക്രമീകരണങ്ങളും ഇസ്‌ലാമികകാര്യ മന്ത്രാലയമാണ് ഏർപ്പെടുത്തുന്നത്. 
ജിദ്ദ എയർപോർട്ടിൽ നിന്ന് തീർഥാടകരെ സ്വീകരിച്ച് ബസുകളിൽ മക്കയിൽ ഹറമിനടുത്ത ഹോട്ടലുകളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. പ്രയാസരഹിതമായി ഹജ് നിർവഹിക്കാൻ ആവശ്യമായ എല്ലാവിധ ക്രമീകരണങ്ങളും ഇവർക്ക് ഏർപ്പെടുത്തുന്നു. ഹജ് നിർവഹിച്ച് മിനായിൽ നിന്ന് തിരിച്ച് മക്കയിലെ ഹോട്ടലുകളിൽ എത്തിച്ച ശേഷം മദീന സിയാറത്തിന് ക്രമീകരണങ്ങളേർപ്പെടുത്തുന്നു. മക്കയിലെ കിസ്‌വ കോംപ്ലക്‌സ്, മക്കയിലെയും മദീനയിലെയും ചരിത്ര കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കാനും രാജാവിന്റെ അതിഥികൾക്ക് സൗകര്യമൊരുക്കുന്നു. മദീന സിയാറത്ത് പൂർത്തിയാക്കിയാണ് രാജാവിന്റെ അതിഥികളായി എത്തുന്നവർ സ്വദേശങ്ങളിലേക്ക് മടങ്ങുക. 

 

Latest News