കുവൈത്ത് സിറ്റി- യൂറോപ്യന്‍ യുവതി നേതൃത്വം നല്‍കുന്ന അനാശാസ്യ സംഘത്തെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏഷ്യന്‍ വംശജരും യൂറോപ്യന്‍ വംശജരുമായ പതിനാറു പേരാണ് അറസ്റ്റിലായത്. കുവൈത്തിലെ വിവിധ പ്രദേശങ്ങളില്‍ പെണ്‍വാണിഭ കേന്ദ്രങ്ങള്‍ നടത്തുന്ന യുവാവും കൂട്ടാളിയായ യുവതിയുമാണ് ആദ്യം അറസ്റ്റിലായത്.
പെണ്‍വാണിഭ കേന്ദ്രങ്ങളില്‍ ഇടപാടുകാര്‍ പ്രവേശിക്കുന്നതും പുറത്തുപോകുന്നതും നിരീക്ഷിക്കാന്‍ ഉപയോഗിക്കുന്ന ക്യാമറകള്‍ അടങ്ങിയ സംവിധാനം ഇവരുടെ പക്കല്‍ കണ്ടെത്തി. ദക്ഷിണ കുവൈത്തിലെ അല്‍മഹ്ബൂല ഏരിയയില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡില്‍ പെണ്‍വാണിഭ കേന്ദ്രങ്ങളില്‍ നിന്ന് ഒമ്പതു യുവതികളും ഇടപാടുകാരായ നാലു പുരുഷന്മാരും അറസ്റ്റിലായി.
യൂറോപ്യന്‍ വംശജയായ യുവതിയാണ് പെണ്‍വാണിഭ സംഘത്തിന് നേതൃത്വം നല്‍കുന്നതെന്നും ഇവരാണ് പെണ്‍വാണിഭത്തെ കുറിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് ഇടപാടുകാരെ കണ്ടെത്തുന്നതെന്നും അന്വേഷണങ്ങളില്‍ വ്യക്തമായി. തുടര്‍ന്ന് ഇവരെയും അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര പെണ്‍വാണിഭ സംഘത്തിലെ കണ്ണിയാണ് യുവതിയെന്ന് വ്യക്തമായി. നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ പ്രതികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.