മണ്ണാർക്കാട്- വ്യാജരേഖ കേസിൽ അറസ്റ്റിലാകുമെന്ന് ഉറപ്പായപ്പോൾ വ്യാജ സർട്ടിഫിക്കറ്റ് കെ.വിദ്യ കീറിക്കളഞ്ഞെന്ന് പോലീസ്. വ്യാജ സര്‍ട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തില്‍വെച്ച് വ്യാജ സർട്ടിഫിക്കറ്റ് വിദ്യ കീറിക്കളഞ്ഞെന്ന് ജാമ്യഹരജിക്കെതിരെ പോലീസ് സമർപ്പിച്ച റിപ്പോര്‍ട്ടിലാണുള്ളത്. ജോലി കിട്ടില്ലെന്ന് ഉറപ്പായപ്പോഴാണ് വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതെന്ന് വിദ്യ സമ്മതിച്ചതായും പോലീസ് പറയുന്നു.
വേണ്ടത്ര രേഖകൾ കിട്ടിയതിനാലാണ് വിദ്യയെ കൂടുതൽ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കാത്തതെന്നും അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി. പിടിച്ചെടുത്ത രേഖകൾ പൂർണമായും കോടതിയിൽ സമർപ്പിച്ചു. എന്നാൽ പോലീസ് നിരത്തുന്നത് യാഥാർഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. വിദ്യ ഒരു രേഖയും തയ്യാറാക്കിയിട്ടില്ല. മികച്ച അക്കാദമിക് നിലവാരമുള്ളയാൾ എന്തിന് കൃത്രിമം കാണിക്കണം. വിദ്യയെ തകർക്കാൻ മറ്റ് ചിലരുടെ ആസൂത്രണം ഇതിന് പിന്നിലുണ്ടെന്ന് അഭിഭാഷകർ പറഞ്ഞു.
അഗളി കേസിൽ വിദ്യക്ക് മണ്ണാർക്കാട് കോടതി ജാമ്യം അനുവദിച്ചെങ്കിലും കരിന്തളം കോളജിലെ വ്യാജരേഖ കേസിൽ നീലേശ്വരം പോലീസിന് മുന്നിൽ വിദ്യ അടുത്തദിവസം ചോദ്യം ചെയ്യലിന് ഹാജരാവണം.