Sorry, you need to enable JavaScript to visit this website.

ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പ്രവാസിയുടെ ബസ് കട്ടപ്പുറത്ത്, ധൈര്യമുണ്ടെങ്കില്‍ കൊടി അഴിക്കാന്‍ ഭീഷണി

ബസ് ഉടമ രാജ്‌മോഹൻ തിരുവാർപ്പിൽ കൊടികുത്തിയ ബസിനു മുന്നിൽ

കോട്ടയം - ഹൈക്കോടതി ഉത്തരവു വന്നിട്ടും ഗൾഫ് റിട്ടേണിക്ക് ബസ് നിരത്തിലിറക്കാൻ കഴിഞ്ഞില്ല. കൂലിത്തർക്കത്തെ തുടർന്ന് സി.ഐ.ടി.യു കൊടികുത്തിയതിനെ തുടർന്നാണ് തിരുവാർപ്പ് സ്വദേശി രാജ്‌മോഹൻ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിയെ തുടർന്ന് പോലീസ് എത്തിയെങ്കിലും സി.ഐ.ടി.യുവിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് ബസ് ഓടിയില്ല. കോടതി വിധി അനുസരിച്ച് ബസ് ഓടിക്കാൻ പോലീസ് സംരക്ഷണം നൽകാമെന്ന് പറഞ്ഞുവെങ്കിലും കൊടിമാറ്റാൻ സി.ഐ.ടി.യു വെല്ലുവിളിച്ചതോടെ പോലീസും പിൻവലിഞ്ഞു. സി.ഐ.ടി.യു നിലപാടിനെതിരെ രാജ്‌മോഹൻ വീണ്ടും പ്രതീകാത്മക ലോട്ടറി കച്ചവടം ആരംഭിച്ചു. ഹൈക്കോടതി ഉത്തരവ് വന്നതോടെ ലോട്ടറി വിൽപ്പന നിർത്തിയിരിക്കുകയായിരുന്നു.
വെട്ടിക്കുളങ്ങര രാജ്‌മോഹൻ കൈമളിന്റെ നാലു ബസുകളും സർവീസ് നടത്തുന്നതിന് പോലീസ് സംരക്ഷണം നൽകണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജില്ലാ പോലീസ് മേധാവി, കുമരകം സ്റ്റേഷൻ ഹൗസ് ഓഫിസർ എന്നിവർക്കാണ് നിർദേശം നൽകിയത്. സമരവുമായി ബന്ധപ്പെട്ടു രാജ്‌മോഹൻ നൽകിയ കേസ് പരിഗണിക്കാനായി അടുത്തയാഴ്ചത്തേക്കു മാറ്റി. ജസ്റ്റിസ് എൻ.നഗരേഷാണ് ഉത്തരവ്. ഇതനുസരിച്ചാണ് ശനിയാഴ്ച ബസ് ഓടിക്കാൻ ശ്രമം നടത്തിയത്. ഇതോടെ സ്ഥലത്ത് സംഘർഷാന്തരീഷമായി. തനിക്ക് കോടതി വിധി നടപ്പാക്കി കിട്ടിയാൽ മതിയെന്ന് രാജ്‌മോഹൻ ആവശ്യപ്പെട്ടു. വിധി നടപ്പാക്കാമെങ്കിൽ നടപ്പാക്ക് എന്ന ഭീഷണിയും ഇതിനിടെ ഉയർന്നു. വെല്ലുവിളിയാണെങ്കിൽ അങ്ങനെ കരുതികൊള്ളാനും മുന്നറിയിപ്പു നൽകി. ഇതിനിടെ കൊടി അഴിച്ചു മാറ്റി സർവീസ് നടത്താൻ പോലീസ് രാജ് മോഹനോട് പറഞ്ഞു. ബസിൽ കെട്ടിയ കൊടി അഴിച്ചുമാറ്റാൻ ഭീഷണിയുടെ സ്വരത്തിൽ സി.ഐ.ടി.യു നേതാക്കളും പ്രതികരിച്ചു.പക്ഷേ സർവീസ് നടത്താൻ അവസരം ഉണ്ടാക്കേണ്ടെത് പോലീസാണെന്ന് രാജ്‌മോഹനും പറഞ്ഞു. ഇതിനിടെ തന്നെ അപായപ്പെടുത്തുമെന്നുവരെ ഭീഷണിപ്പെടുത്തിയതായി രാജ് മോഹൻ ആരോപിച്ചു.
അതേസമയം കോടതി ഉത്തരവുണ്ടായിട്ടും മുന്നിലെ സമരപന്തൽ പൊളിച്ചുമാറ്റാൻ സി.ഐ.ടി.യു തയാറായില്ല. ശമ്പള വർധന നൽകാതെ സഹകരിക്കാൻ ആകില്ലെന്ന് സി.ഐ.ടി.യു വ്യക്തമാക്കി.സമരം നടത്താൻ അവകാശം ഉണ്ടെന്നും കോടതിവിധിയെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും മോട്ടർ മെക്കാനിക്കൽ യൂണിയൻ (സി.ഐ.ടി.യു) ജില്ലാ പ്രസിഡന്റ് പി.ജെ.വർഗീസ് പറഞ്ഞു. വിധി വായിച്ചു മനസിലാക്കിയ ശേഷം പ്രതികരിക്കുമെന്നും അദ്ദേഹം അറിയിച്ചു.സി.ഐ.ടി.യുവിന്റെ കൂടുതൽ നേതാക്കൾ എത്തിയിട്ടും പ്രശ്‌നം പരിഹരിച്ചില്ല.
സി.ഐ.ടി.യു കൊടിനാട്ടിയതിന് പിന്നാലെ ഉടമ രാജ്‌മോഹൻ ബസിന് മുന്നിൽ ലോട്ടറി കച്ചവടം ആരംഭിച്ചിരുന്നു. ഇന്നലെ കൊടി കുത്തിയ ബസിനു മുന്നിൽ സി.ഐ.ടി.യു തൊഴിലാളികൾ കുടിൽ കെട്ടി കഞ്ഞി വച്ചു സമരം ആരംഭിച്ചിരുന്നു. സി.ഐ.ടി.യു. കൊടികുത്തിയ ബസിന് സംരക്ഷണം നൽകണം. പന്തൽകെട്ടി കഞ്ഞിവെച്ചത് 24 മണിക്കൂറും ബസിന് സമീപം ഉണ്ടാകുക എന്ന ലക്ഷ്യത്തോടെയാണ്. ലേബർ ഓഫീസറുടെ മുന്നിൽ തയാറാക്കിയ തൊഴിൽ കരാർ നടപ്പാക്കുംവരെ സമരം തുടരുമെന്നാണ് തൊഴിലാളികളുടെ നിലപാട്. അതിനിടെ ഇത് ചിത്രീകരിക്കാനെത്തിയ യൂട്യൂബ് ചാനൽ സംഘത്തെ സി.ഐ.ടി.യുക്കാർ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

Latest News