കായംകുളം- വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ പിടിയിലായ എസ്.എഫ്.ഐ മുൻ ഏരിയ സെക്രട്ടറിയും ജില്ല കമ്മിറ്റി അംഗവുമായിരുന്ന കായംകുളം കിളിലേത്ത് വീട്ടിൽ നിഖിൽ തോമസിനെ (23) കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഏഴ് ദിവസം പോലിസ് കസ്റ്റഡിയിൽ വിട്ടു. ശനിയാഴ്ച പുലർച്ചെ 1.15ഓടെ കോട്ടയം ബസ് സ്റ്റാൻഡില്‍ വെച്ചാണ് നിഖിലിനെ അറസ്റ്റ് ചെയ്തത്.
കോഴിക്കോട് നിന്നു തിരുവനന്തപുരത്തേക്കുള്ള ബസില്‍ പോകാനെത്തിയതായിരുന്നു. ഇയാള്‍ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് എം.സി റോഡിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് കെ.എസ്.ആർ.ടി.സി ബസിൽ നിഖിലിനെ കണ്ടെത്തുന്നത്. കൊട്ടാരക്കരയിലേക്കാണ് ടിക്കറ്റെടുത്തിരുന്നത്.