റിയാദ് - കേരളത്തിൽ നിന്നുള്ള 70 ലധികം വരുന്ന ഹാജിമാരുടെ ഗ്രൂപ്പിന്റെ യാത്രാ രേഖകൾ അവാസാന നിമിഷം ശരിയാക്കി പ്രവാസി വെൽഫെയർ. ഹാജിമാർക്ക് സൗദിയിലേക്ക് യാത്ര ചെയ്യാനുള്ള അവസാന ദിവസമായ ഇന്ന് കേരളത്തിൽ നിന്ന് യാത്ര തിരിക്കേണ്ട 70 ഹാജിമാരടങ്ങുന്ന സംഘത്തിന്റെ യാത്രയാണ് പ്രതിസന്ധിയിലായത്.
ട്രാവൽ ഗ്രൂപ്പ് സൗദിയിലെ ഹജ് സേവന കമ്പനിയുടെ അക്കൗണ്ടിലേക്ക് മുഴുവൻ തുകയും അക്കൗണ്ട് വഴി കൈമാറിയെങ്കിലും അത് വ്യാഴാഴ്ചയായതും കമ്പനി അക്കൗണ്ടിൽ സമയത്ത് റിഫ്‌ലക്ട് ചെയ്യാത്തതും ആണ് പ്രതിസന്ധി സൃഷ്ടിച്ചത്. വെള്ളിയും ശനിയും അവധി ദിവസമായതും ഹാജിമാർക്കുള്ള വിസ ഇഷ്യു ചെയ്യാനുള്ള അവസാന സമയം വെള്ളി വൈകിട്ട് സൗദി സമയം ആറുമണിയോടെ അവസാനിക്കുന്നതിന് മുമ്പ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി രേഖകൾ ശരിയാക്കാനുമാണ്നാട്ടിലെ ട്രാവൽസ് അധികൃതർ സാമൂഹിക പ്രവർത്തകരുടെ സഹായം തേടിയത്.
പ്രവാസി വെൽഫെയർ പ്രവർത്തകർ ഹജ് സേവന കമ്പനിയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ കമ്പനിയുടെ മേലുദ്യോഗസ്ഥർ തന്നെ മുന്നിട്ടിറങ്ങി അവധിയിലായിരുന്ന ഉദേ്യാഗസ്ഥരെ വിളിച്ചു വരുത്തിയും ബാങ്ക് അധികൃതരുടെ സഹായത്താലും പ്രശ്‌നങ്ങൾ പരിഹരിക്കുകയായിരുന്നു. മോഫ വെബ്‌സൈറ്റിൽ വിവരങ്ങൾ ആട്ടോമാറ്റിക് ആയി റിഫ്‌ലക്ട് ആകാൻ സമയം എടുക്കുമെന്നതിനാൽ പത്തോളം ഉദ്യോഗസ്ഥർ ഓരോ ഹാജിമാരുടെയും വിവരങ്ങൾ നേരിട്ട് അപ്‌ഡേറ്റ് ചെയ്ത് അവസാന അരമണിക്കൂറിൽ വിസകൾ ഇഷ്യൂ ചെയ്യുകയായിരുന്നു. ശേഷം കോൺട്രാക്ട് രേഖകളും ശരിയാക്കിയപ്പോഴാണ് ഹാജിമാർക്ക് യാത്ര തിരിക്കാനായത്.
തിരുവനന്തപുരത്ത് നിന്ന് യാത്രയാകുന്ന ഹാജിമാർക്കാണ് ഈ പ്രയാസം നേരിട്ടത്. ദൗത്യത്തിൽ മലയാളികളടക്കമുള്ള നിരവധിയാളുകൾ പങ്കാളികളായതായും എല്ലാവർക്കും നന്ദി അറിയിക്കുന്നതായും പ്രവാസി വെൽഫെയർ നേതൃത്വം അറിയിച്ചു. പ്രവാസി വെൽഫെയർ പ്രവർത്തകരായ ഖലീൽ പാലോട്, ഷബീർ ചാത്തമംഗലം, ഷാജു പടിയത്ത് എന്നിവർ നേതൃത്വം നൽകി.