കോട്ടയം- വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് എം.കോം പഠനത്തിന് പ്രവേശനം നേടിയ മുന്‍ എസ്.എഫ്.ഐ. നേതാവ് നിഖില്‍ തോമസ് പിടിയിലായത് കെ. എസ്.ആര്‍. ടി സി ബസ്സില്‍ സഞ്ചരിക്കുമ്പോള്‍. കോഴിക്കോട്ട് നിന്ന് തിരുവനന്തപുരത്തേക്കുള്ള എ സി ലോഫ്‌ളോര്‍ ബസിലായിരുന്നു നിഖിലിന്റെ സഞ്ചാരം. കൊട്ടാരക്കരക്കാണ് നിഖില്‍ ടിക്കറ്റെടുത്തത്. എന്നാല്‍ കോട്ടയം ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഇന്നലെ അര്‍ധരാത്രി 12.30 ഓടെ പോലീസ് പിടികൂടുകയായിരുന്നു. ഇന്ന് കോടതിയിയിലോ അന്വേഷണ സംഘത്തിന് മുന്നിലോ കീഴടങ്ങാനായിരുന്നു നിഖിലിന്റെ പദ്ധതിയെന്നാണ് സൂചന. കോഴിക്കോട്ട് ചില പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹായത്തോടയാണ് നിഖില്‍ ഒളിവില്‍ കഴിഞ്ഞതെന്നാണ് പോലീസിന് ലഭിച്ച വിവരം. ഒളിവില്‍ പോകുന്ന സമയത്ത് നിഖില്‍ ഫോണിലൂടെ ബന്ധപ്പെട്ട വര്‍ക്കലയിലുള്ള സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കേസെടുത്തതിന് പിന്നാലെ എസ് എഫ് ഐ ഏരിയാ സെക്രട്ടറിയായിരുന്ന നിഖില്‍ തോമസ് ഒളിവില്‍ പോകുകയായിരുന്നു. കേസ് എടുത്തതിനെ തുടര്‍ന്ന് നിഖിലിനെ എസ്.എഫ്.ഐയില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.