Sorry, you need to enable JavaScript to visit this website.

മുല്ലപ്പെരിയാറില്‍ മഴ പെയ്യാന്‍ തേക്കടിയില്‍  തമിഴ്നാട്ടിലെ കര്‍ഷകരുടെ സര്‍വമത പ്രാര്‍ത്ഥന

തൊടുപുഴ-മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമാകാന്‍ തമിഴ്നാട്ടിലെ കര്‍ഷകര്‍ തേക്കടിയിലെത്തി സര്‍വമത പ്രാര്‍ത്ഥന നടത്തി. അണക്കെട്ടിലെ ജലനിരപ്പ് കുറവായതിനാല്‍ തേനിയിലെ നെല്‍ക്കൃഷിക്ക് വെള്ള കിട്ടാതാകുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. 116.15 അടി വെള്ളം മാത്രമാണ് മുല്ലപ്പരിയാര്‍ അണക്കെട്ടിലിപ്പോഴുള്ളത്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 130 അടിക്കു മുകളിലായിരുന്നു മുകളിലായിരുന്നു മുല്ലപ്പെരിയാറിലെ ജലനിരപ്പ്. ഇത്തവണ പതിനാലടി കുറവാണ്.
മഴയെത്തുമെന്ന പ്രതീക്ഷയില്‍ ജൂണ്‍ ഒന്നിനു തന്നെ മുല്ലപ്പെരിയാറില്‍ നിന്നും കൃഷിക്കായി വെള്ളമെടുത്തു തുടങ്ങി. എന്നാല്‍ കാലവര്‍ഷം ചതിച്ചതോടെ തമിഴ്നാട്ടിലെ കര്‍ഷകരും ആശങ്കയിലായി. ഇതേത്തുടര്‍ന്നാണ് കര്‍ഷകര്‍ തേക്കടിയിലെത്തി പ്രാര്‍ത്ഥന നടത്തിയത്.
ഹിന്ദു, ക്രിസ്ത്യന്‍, മുസ്‌ലിം ആചാര പ്രകാരമുള്ള പ്രാര്‍ത്ഥകളാണ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന്റെ തേക്കടിയിലുള്ള ഐബിയിലും മുറ്റത്തെ ക്ഷേത്രത്തിലുമായി നടത്തിയത്. മുല്ലപ്പെരിയാറിലേക്ക് വെള്ളം തുറന്നു വിടുന്ന ഷട്ടറിനു സമീപത്തും പ്രാര്‍ത്ഥന നടത്തി. തേനിയിലെ കമ്പംവാലിയിലുള്ള 14,700 ഏക്കര്‍ സ്ഥലത്ത് കൃഷിചെയ്യുന്ന നൂറോളം കര്‍ഷകരാണ് ഇതിനായി എത്തിയത്. 2018 നു ശേഷം ആദ്യമായാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ജൂണ്‍ മാസത്തില്‍ ഇത്രയും കുറയുന്നത്. സെക്കന്റില്‍ 350 ഘനയടിയോളം വെള്ളം മാത്രമാണ് തമിഴ്നാട് ഇപ്പോള്‍ കൊണ്ടു പോകുന്നത്. 50 ഘനയടിയാണ് ഒഴുകിയെത്തുന്നത്.
കഴിഞ്ഞ വര്‍ഷം ഇതേസമയം സെക്കന്റില്‍ 700 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടു പോയിരുന്നു. ജലനിരപ്പ് 112 അടിയിലെത്തിയാല്‍ കൃഷിക്ക് വെള്ളം നല്‍കുന്നത് പൊതുമരാമത്ത് വകുപ്പ് നിര്‍ത്തും. ഇത് നിലവില്‍ നട്ട ഞാറുകള്‍ക്ക് ഭീഷണിയാകും.
 

Latest News