തിരുവനന്തപുരം- മൂന്നു ദേശീയപാത പദ്ധതികള്‍ക്കുള്ള സ്ഥലമേറ്റെടുക്കലിന് മുഴുവന്‍ തുകയും ദേശീയപാതാ അതോറിറ്റി വഹിക്കും. കൊല്ലം-ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ്, മൈസൂരു-മലപ്പുറം, തൃശ്ശൂര്‍-ഇടപ്പിള്ളി ആറുവരിയിലെ കുണ്ടന്നൂര്‍ ബൈപ്പാസ് എന്നിവയ്ക്കാണിത്. 25 ശതമാനം സംസ്ഥാനവിഹിതത്തിന്റെ കാര്യത്തില്‍ തര്‍ക്കമുള്ള പാതകളാണിത്.
ഔദ്യോഗിക ഉത്തരവ് ഇറങ്ങിയില്ലെങ്കിലും കഴിഞ്ഞദിവസം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. 25 ശതമാനം സംസ്ഥാനവിഹിതം സംബന്ധിച്ച് സംസ്ഥാനസര്‍ക്കാര്‍ ഒപ്പിട്ടിരുന്നില്ല. സ്ഥലമെറ്റെടുപ്പ് നടപടികള്‍ തുടങ്ങിയ കൊല്ലം-ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡിലായിരുന്നു ഒപ്പിടാത്തത് കൂടുതല്‍ അനിശ്ചിത്വത്തിലാക്കിയത്. ദേശീയപാതാവികസനത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ ഈ രീതിയില്ലെന്നായിരുന്നു കേരളം ഉന്നയിച്ചത്. ദേശീയപാത 66-ന്റെ നിര്‍മാണം പ്രതിസന്ധിയിലായിരുന്ന സമയത്താണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രവുമായി ചര്‍ച്ചചെയ്തതും 25 ശതമാനം തുകനല്‍കാമെന്ന് അറിയിച്ചതും. എല്ലാ വികസനങ്ങള്‍ക്കും ഇങ്ങനെ തുക നല്‍കാനാവില്ലെന്ന് ഡിസംബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, നിതിന്‍ഗഡ്കരിക്ക് കത്ത് നല്‍കിയിരുന്നു.
നാലുവരിയും ആറുവരിയുമാക്കുന്ന കൊച്ചി-മൂന്നാര്‍-തേനി, കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ്, പുളിമാത്ത്-അങ്കമാലി ഗ്രീന്‍ഫീല്‍ഡ് എന്നിവയ്ക്ക് സ്ഥലമേറ്റെടുപ്പിന് 25 ശതമാനം തുക സംസ്ഥാനം നേരത്തേ സമ്മതിച്ചിട്ടുണ്ട്.തിരുവനന്തപുരത്തെ വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിങ് റോഡിന് 50 ശതമാനവും നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ദേശീയപാത അതോറിറ്റി നിര്‍മാണ ടെന്‍ഡര്‍ ക്ഷണിച്ച രണ്ടുപദ്ധതികളാണ് വിഴിഞ്ഞം ഔട്ടര്‍ റിങ് റോഡും കൊല്ലം ചെങ്കോട്ടപാതയും. ചെങ്കോട്ടപാതയ്ക്ക് 1192.8 കോടിയാണ് ചെലവ്.