Sorry, you need to enable JavaScript to visit this website.

കണ്ണൂർ വിമാനത്താവളം: സംരക്ഷണം അനിവാര്യമെന്ന് ഗ്ലോബൽ കെ.എം.സി.സി 

കണ്ണൂർ- കണ്ണൂർ വിമാനത്താവളത്തിന്റെ വികസന സാധ്യതകളെ തകിടം മറിക്കുന്ന ബാഹ്യ ശക്തികളുടെ ഇടപെടലുകളിൽ നിന്നും സംരക്ഷണം അനിവാര്യമാണെന്ന് ഗ്ലോബൽ കെ.എം.സി.സി ഭാരവാഹികൾ ആവശ്യപ്പെട്ടു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ. ഇതിന്റെ ഭാഗമായി നാളെ  കണ്ണൂരിൽ 'ചിറകൊടിയുന്ന കണ്ണൂർ' എന്ന പേരിൽ ചർച്ചാസമ്മേളനം സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.
കണ്ണൂർ വിമാനത്താവളത്തെ സംരക്ഷിക്കുകയെന്ന കാമ്പയിന്റെ ഭാഗമായാണ് കണ്ണൂർ ജില്ലയിലെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും മറ്റു സംഘടനാ പ്രതിനിധികളെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് ചർച്ചാ സമ്മേളനം സംഘടിപ്പിക്കുന്നത്.
വളരെയേറെ പ്രതീക്ഷയോടുകൂടിയാണ് വിവിധ വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഉത്തര മലബാറിലെ ജനങ്ങൾ കണ്ണൂർ വിമാനത്താവളത്തെ സ്വാഗതം ചെയ്തത്. എന്നാൽ ഇന്ന് ഈ അന്താരാഷ്ട്ര വിമാനത്താവളം നാശത്തിന്റെ വക്കിലാണ്. വിദേശ വിമാനങ്ങൾക്ക് കണ്ണൂർ എയർപോർട്ടിൽ ഇറങ്ങാനുള്ള പോയന്റ് ഓഫ് കാൾ സ്റ്റാറ്റസ് ലഭിക്കാത്തതിനാൽ വിദേശ വിമാനങ്ങൾ ഈ എയർപോർട്ടിൽ നിന്നും ഇതുവരെ സർവീസ് ഓപറേറ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. റൺവേ നീളം കൂട്ടാനുള്ള സ്ഥലമെടുപ്പ് ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അത് ഇതുവരെ പ്രാവർത്തികമാക്കിയിട്ടില്ല. ഇങ്ങനെ കണ്ണൂർ വിമാനത്താവളത്തിന്റെ വികസന സാധ്യതകളെ ബാധിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം തേടിയാണ് ഇത്തരമൊരു ചർച്ചാ സമ്മേളനവുമായി മുന്നോട്ടു വന്നിട്ടുള്ളത്.
നിരവധി യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിംഗ് നൽകി യാതൊരു മുന്നറിയിപ്പുമില്ലാതെ വിമാന കമ്പനികൾ യാത്രകൾ നിർത്തിവെച്ച് യാത്രക്കാരെ ദുരിതത്തിലാക്കി ടിക്കറ്റിനായി വാങ്ങിയ പണം പോലും തിരിച്ചു നൽകാതെ ക്രൂരത കാണിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. ഗോഫസ്റ്റ് അടക്കമുള്ള വിമാന കമ്പനികളുടെ വിശ്വാസ്യത തകർക്കുന്ന നടപടിയാണ് ഇതിലൂടെ സംഭവിച്ചിരിക്കുന്നത്. വിദേശരാജ്യങ്ങളിൽ വേനലവധിക്കാലത്ത് സന്ദർശനത്തിനായി പോയ നിരവധി കുടുംബങ്ങൾ വിമാനം നിർത്തിവെച്ചത് വഴി ലഭ്യമാക്കേണ്ട തുക ലഭിക്കാത്തതിനാൽ തിരിച്ചു വരുന്നതിന് പ്രയാസപ്പെട്ട് കുടുങ്ങിക്കിടക്കുകയാണ്. അടിയന്തരമായി കേന്ദ്ര സംസ്ഥാന  സർക്കാറുകൾ ഇടപെട്ട് ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് ബദൽ യാത്രാസൗകര്യം ഏർപ്പെടുത്തുകയോ, അടച്ച ടിക്കറ്റ് തുക തിരിച്ചു നൽകുകയോ ചെയ്യുന്നതിന് നടപടികൾ സ്വീകരിക്കുകയോ ചെയ്യണം. ഇതിൽ ഒരു തീരുമാനമായില്ലെങ്കിൽ ഗ്ലോബൽ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ നിയമനടപടികൾ അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കും. 
വേനലവധിക്കാലത്തും ആഘോഷ കാലത്തും അനിയന്ത്രിതമായി ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് യാത്രക്കാരെ ചൂഷണം ചെയ്യുന്ന കിരാത നടപടികൾ എയർലൈൻസ് അധികൃതർ അവസാനിപ്പിക്കണമെന്നും നേതാക്കൾ  ആവശ്യപ്പെട്ടു.
ഗ്ലോബൽ കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി ചെയർമാൻ ടി. .പി. അബ്ബാസ് ഹാജി, ഗ്ലോബൽ കെ.എം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റി കൺവീനർ ഉമർ അരിപ്പാമ്പ്ര, സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം വി.കെ. മുഹമ്മദ് വേങ്ങാട് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Latest News