ദുബയ്- ദുബയിലെ ജബല്‍ അലി ഫ്രീ സോണ്‍ (ജഫ്‌സ) നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്ക് (എന്‍.ഐ.പി) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ തൊഴില്‍ വിസ 24 മണിക്കൂറിനകം ലഭിക്കും. ഈ കമ്പനികളുടെ തൊഴില്‍ വിസാ നടപടിക്രമങ്ങല്‍ അതിവേഗം പൂര്‍ത്തിയാക്കുന്ന പുതിയ പദ്ധതി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സും ജഫ്‌സയും സംയുക്തമായാണ് നടപ്പിലാക്കുന്നത്. ഈ പദ്ധതി 7,500ഓളം കമ്പനികളിലെ ഒന്നര ലക്ഷത്തിലേറെ വിദേശ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും വലിയ ആശ്വാസമാകും. തൊഴിലാളികളുടെ തൊഴില്‍, താമസ വിസകള്‍ നടപടികള്‍ കൈകാര്യം ചെയ്യുന്നതിന് കമ്പനികള്‍ ഏറെ സമയം ചെലവഴിക്കേണ്ടി വരുന്നത് ഒഴിവാക്കാനാണ് പുതിയ പദ്ധതി. ഈ സേവനങ്ങല്‍ മെച്ചപ്പെടുത്തുന്നതോടെ കമ്പനികള്‍ക്ക് അവരുടെ ബിസിനസില്‍ കാര്യമായ ശ്രദ്ധപതിപ്പിക്കാനാകുമെന്ന് ഡി.പി വേള്‍ഡ് ചെയര്‍മാനും സിഇഒയുമായ സുല്‍ത്താന്‍ അഹ്മദ് ബിന്‍ സുലൈം പറഞ്ഞു.