കണ്ണൂര്‍- കണ്ണൂരിലെ ജ്വല്ലറി ജീവനക്കാരി കടലില്‍ ചാടി ജീവനൊടുക്കിയതിന് പിന്നില്‍ സാമ്പത്തിക തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടതെന്ന് സൂചന. പള്ളിക്കുന്ന് എടച്ചേരി മുത്തപ്പന്‍ മടപ്പുരയ്ക്കടുത്ത് താമസിക്കുന്ന റോഷിതയുടെ (32) മരണവുമായി ബന്ധപ്പെട്ട് എ.സി.പി. ടി.കെ. രത്‌നകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണീ സൂചന ലഭിച്ചത്. കഴിഞ്ഞയാഴ്ചയാണ് പയ്യാമ്പലം ബേബി ബീച്ചിലെ പാറക്കെട്ടില്‍നിന്ന് ചാടി യുവതി ജീവനൊടുക്കിയത്.
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പില്‍ യുവതി അകപ്പെട്ടതായുള്ള നിര്‍ണായക സൂചന അന്വേഷണത്തില്‍ ലഭിച്ചു. മൂന്നു ലക്ഷം രൂപയോളം തട്ടിപ്പില്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന കാര്യം അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടില്‍ വിവിധ ഘട്ടങ്ങളിലായി യുവതി പണം നിക്ഷേപിച്ചതായി കണ്ടെത്തി. 10,000 രൂപ നിക്ഷേപിച്ചായിരുന്നു തുടക്കം. പിന്നീട് ലക്ഷങ്ങളിലേക്ക് മാറുകയായിരുന്നു. തുടക്കത്തില്‍ ലഭിച്ച ലാഭത്തില്‍ വിശ്വസിച്ച് തട്ടിപ്പ് സംഘത്തിന്റെ കെണിയില്‍ അകപ്പെടുകയായിരുന്നു. റോഷിതയുടെ ഭര്‍ത്താവ് പ്രമിത്ത്, സഹോദരീ ഭര്‍ത്താവ് ശ്രീലേഷ് എന്നിവരുടെ മൊഴി അന്വേഷണസംഘം മൊഴി രേഖപ്പെടുത്തി. യുവതിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഭര്‍ത്താവും യുവതിയുടെ രക്ഷിതാക്കളും പോലീസില്‍ പരാതി നല്‍കിയിരുന്നു.
കണ്ണൂര്‍ കൃഷ്ണാ ജ്വല്‍സ് ജീവനക്കാരിയായ രോഷിത, സംഭവ ദിവസം ഉച്ചയ്ക്ക് ഇളയ കുഞ്ഞിന് പാല്‍ കൊടുക്കാനെന്നു പറഞ്ഞാണ് സ്ഥാപനത്തില്‍നിന്ന് പോയത്. പിന്നീട് ലീവാണെന്ന് വിളിച്ചു പറഞ്ഞു. ഉച്ചയ്ക്ക് ശേഷം സ്‌കൂട്ടറില്‍ ബേബി ബീച്ചിന് സമീപത്തെ ഹോട്ടലിലെത്തിയ യുവതി ഒന്നാം നിലയിലെ റസ്‌റ്റോറന്റില്‍ നിന്ന് ജ്യൂസ് കുടിച്ച ശേഷം മൊബൈല്‍ ഫോണും ബാഗും ടേബിളില്‍ വെച്ച് താഴെയിറങ്ങി റോഡിലൂടെ നടന്നു പോയി പാറക്കെട്ടില്‍ നിന്ന് കടലിലേക്ക് ചാടുകയായിരുന്നു. സന്ധ്യയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
അന്വേഷണത്തിന്റെ ഭാഗമായി യുവതിയുടെ ഫോണ്‍ വിളികളും ബാങ്ക് രേഖയും പരിശോധിച്ചു. ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചു. ഭര്‍ത്താവിന് കോഴിഫാം തുടങ്ങാന്‍ സാമ്പത്തിക സഹായത്തിനായി ആവശ്യപ്പെട്ടതോടെയാണ് റോഷിത, താന്‍ അകപ്പെട്ട കെണിയുടെ വ്യാപ്തി അറിഞ്ഞത്.
സംഭവം നടന്ന ഉച്ചയോടെ അഞ്ചുകണ്ടിയിലെ വീട്ടിലെത്തിയ റോഷിത, അമ്മയോട് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിച്ച് നഗരത്തിലെ ജ്വല്ലറിയില്‍ മൂന്ന് ലക്ഷം രൂപക്ക് വില്‍പന നടത്തിയിരുന്നു. ഈ തുക കൈയിലുണ്ടായിരുന്നു. താന്‍ പണവുമായി വരുമെന്നും പണം കിട്ടിയില്ലെങ്കില്‍ തന്നെയാരും പിന്നെ കാണില്ലെന്നും റോഷിത, ഭര്‍ത്താവിനോട് പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു.
ഇവര്‍ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ വന്‍ തുക നിക്ഷേപിച്ചിരുന്നതായും, ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപം തിരിച്ചുകിട്ടാതായതോടെ പലരോടും യുവതി പണം വായ്പ ചോദിച്ചിരുന്നുവെന്നും പറയുന്നു. അതു ലഭിക്കാതെ വന്നതോടെയാണ് ജീവനൊടുക്കിയതെന്നും ശ്രുതിയുണ്ടായിരുന്നു.
ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് ബന്ധുക്കള്‍ക്ക് സന്ദേശമയക്കുകയും സമൂഹമാധ്യമത്തില്‍ സ്റ്റാറ്റസിടുകയും ചെയ്താണ് യുവതി ജീവനൊടുക്കിയത്. സംഭവദിവസം തന്നെ റോഷിതയുടെ ഫോണും ബീച്ചില്‍ വന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊതുവില്‍ എല്ലാവരോടും നല്ല രീതിയില്‍ പെരുമാറ്റമാറിയിരുന്ന റോഷിത, മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ കടുത്ത മനോവിഷമത്തിലും അസ്വസ്ഥതയിലുമായിരുന്നുവെന്ന് യുവതിയുമായി അടുപ്പമുള്ളവര്‍ മൊഴി നല്‍കിയിട്ടുണ്ട്.