കണ്ണൂര്‍ - പൊതുസ്ഥലത്ത് അശീല പരാമര്‍ശങ്ങള്‍ നടത്തുകയും ഗതാഗതം തടസപ്പെടുത്തുകയും ചെയ്ത കുറ്റത്തിന് പോലീസ് കസ്റ്റഡിയിലെടുത്ത വിവാദ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെ ഒടുവില്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. വളഞ്ചേരി പോലീസാണ് ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെ സുഹൃത്തിന്റെ ഫളാറ്റില്‍ നിന്ന് തൊപ്പിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു. എന്നാല്‍ കണ്ണൂര്‍ കണ്ണപുരം പോലീസിലും തൊപ്പിക്കെതിരെ സമാന കേസുണ്ടായിരുന്നതിനാല്‍ പുറത്തിറങ്ങാനായില്ല. വൈകുന്നേരത്തോടെ കണ്ണപുരം പൊലീസ് വളാഞ്ചേരിയിലെത്തി തൊപ്പിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഈ കേസിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതോടെയാണ് തൊപ്പി പുറത്തിറങ്ങിയത്. ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. എറണാകുളത്തെ സുഹൃത്തിന്റെ ഫ്‌ളാറ്റിന്റെ വാതില്‍ ചവിട്ടി പൊളിച്ചാണ് പൊലീസ് തൊപ്പി നിഹാദിനെ കസ്റ്റഡിയില്‍ എടുത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ നിഹാദ് പോസ്റ്റ് ചെയ്തിരുന്നു. വാതില്‍ ചവിട്ടി പൊളിച്ച് പൊലീസ് അകത്തെത്തിയതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഒരു മണിക്കൂറോളം തൊപ്പി നിഹാദ് വാതില്‍ തുറക്കാതിരുന്നെന്നും ഒടുവില്‍ വാതില്‍ പൂര്‍ണ്ണമായും ലോക്ക് ആയിപ്പോയ ഘട്ടത്തിലാണ് ചവിട്ടിത്തുറന്നതെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം.