ജിദ്ദ- വിശുദ്ധ ഹജ് കർമം നിർവഹിക്കാനായി എത്തുന്ന തീർഥാടകർക്ക് പ്രതിബദ്ധതയോടെയും ശാസ്ത്രീയമായും സേവനം നൽകുന്നതിനായി തയാറെടുപ്പുകൾ നടത്താൻ ജിദ്ദ ഹജ് വെൽഫെയർ ഫോറം എക്‌സിക്യൂട്ടീവ് യോഗം ചേർന്നു. ഫോറം ചെയർമാൻ നസീർ വാവക്കുഞ്ഞ് അധ്യക്ഷത വഹിച്ചു.
യോഗത്തിൽ വളണ്ടിയേഴ്‌സ് നിർവഹിക്കുന്ന സേവനങ്ങളെ പറ്റി കോഡിനേറ്റർ സി.എച്ച് ബഷീർ, ജനറൽ കൺവീനർ അഷ്‌റഫ് വടക്കേക്കാട്, വളണ്ടിയർ ക്യാപ്റ്റൻ ഷാഫി മജീദ് എന്നിവർ വിശദീകരിച്ചു. ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്ന തീർഥാടകർക്ക് വീൽചെയർ സേവനം, വഴിയറിയാതെ കുഴങ്ങിയവരെ തമ്പിലെത്തിക്കുക, രോഗികളായ തീർഥാടകർക്ക് ആശുപത്രി സേവനം നൽകുക, ഹജിന്റെ കർമങ്ങൾ പൂർത്തീകരിക്കുവാൻ ക്ഷീണിതരായ തീർഥാടകരെ സഹായിക്കുക എന്നിത്യാദി സേവനങ്ങളിൽ ഫോറം വളണ്ടിയർമാർ സന്നദ്ധരായിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇന്ത്യൻ കോൺസുലേറ്റിന്റെയും ഇന്ത്യൻ ഹജ് മിഷന്റെയും ഉപദേശ നിർദേശങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ഹജ് വെൽഫെയർ ഫോറം. പ്രവർത്തകർക്ക് പരിശീലനം നൽകുന്നതിനായി ജിദ്ദ ഹജ് വെൽഫയർ ഫോറം വളണ്ടിയർ സംഗമം സംഘടിപ്പിച്ചു.
വെള്ളിയാഴ്ച ജൂൺ ഇരുപത്തി
മൂന്നാം തീയതി ഉച്ചയ്ക്ക് ഷറഫിയ ഫാദിൽ ഓഡിറ്റോറിയത്തിലാണ് പരിശീലന ക്യാമ്പ് നടന്നത്. ഫോറം സെക്രട്ടറിമാരായ കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, ജനറൽ സെക്രട്ടറി സൈനുൽ ആബിദ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റഷീദ് കാസിം കുഞ്ഞ്, മുംതാസ് അഹമ്മദ്, ഐ.ടി സെക്രട്ടറി സഹീർ അഹമ്മദ്, സത്താർ ഇരിക്കൂർ, നഈം മോങ്ങം, എം.പി അഷ്‌റഫ് പാപ്പിനിശ്ശേരി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.