മക്ക - എയര്‍പോര്‍ട്ടുകളും ജിദ്ദ തുറമുഖവും കരാതിര്‍ത്തി പോസ്റ്റുകളും വഴി വിദേശ തീര്‍ഥാടകരുടെ വരവ് പൂര്‍ത്തിയായതായി ഹജ് ജവാസാത്ത് ഫോഴ്‌സ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ സ്വാലിഹ് അല്‍മുറബ്ബ പറഞ്ഞു. വിദേശങ്ങളില്‍ നിന്ന് 16 ലക്ഷത്തിലേറെ ഹാജിമാരാണ് ഇതിനകം മക്കയിലും മദീനയിലും എത്തിയത്. ഹജ് തീര്‍ഥാടകരുടെ പക്കലുള്ള പാസ്‌പോര്‍ട്ടുകളിലെ കൃത്രിമങ്ങള്‍ കണ്ടെത്താന്‍ മുഴുവന്‍ പ്രൊഫഷനലിസത്തോടെയും ജവാസാത്ത് പ്രവര്‍ത്തിക്കുന്നു.
വിമാനത്താവളങ്ങളും തുറമുഖങ്ങളും കരാതിര്‍ത്തി പോസ്റ്റുകളും അടക്കം മുഴുവന്‍ പ്രവേശന കവാടങ്ങളിലും വ്യാജ രേഖകള്‍ കണ്ടെത്താന്‍ ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്ത ഭാഷകളില്‍ സംസാരിക്കാന്‍ പരിശീലനം സിദ്ധിച്ച ജവാസാത്ത് ഉദ്യോഗസ്ഥര്‍ മുഴുവന്‍ അതിര്‍ത്തി പ്രവേശന കവാടങ്ങളിലും സേവനമനുഷ്ഠിക്കുന്നു. സൗദിയിലക്കുള്ള മുഴുവന്‍ പ്രവേശന നടപടിക്രമങ്ങളും തീര്‍ഥാടകരുടെ രാജ്യങ്ങളില്‍ വെച്ച് മുന്‍കൂട്ടി പൂര്‍ത്തിയാക്കുന്ന മക്ക റൂട്ട് പദ്ധതി വരും വര്‍ഷങ്ങളില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും മേജര്‍ ജനറല്‍ സ്വാലിഹ് അല്‍മുറബ്ബ പറഞ്ഞു.