കൊച്ചി - തനിക്കെതിരെ പൊലീസിന് യാതൊരു തെളിവുമില്ലെന്ന് കെ സുധാകരന്‍. ആശങ്കയും ഭയപ്പാടും ഇല്ല. ജൂഡീഷ്യറിയില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എനിക്ക് കോടതിയെ വിശ്വാസമുണ്ട്. കേസിന്റെ മെറിറ്റും ഡീമെറിറ്റും കോടതി വിലയിരുത്തട്ടെ അതിനെ ഉള്‍ക്കൊള്ളാന്‍ താന്‍ തയ്യാറാണെന്നും സുധാകരന്‍ പറഞ്ഞു. ആത്മവിശ്വാസമുണ്ട്. ഈ കേസില്‍ എന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും പൊലീസിന്റെ കൈവശമില്ലെന്നാണ് ചോദ്യംചെയ്യലിന് ശേഷം മനസിലായത്. ആശങ്കയും ഭയപ്പാടുമില്ല. ഏത് പ്രതിസന്ധിയെയും നേരിടുമെന്നും സുഥാകരന്‍ വ്യക്തമാക്കി. മോന്‍സനെ തള്ളാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മോന്‍സന് ആജീവനാന്ത ശിക്ഷ ലഭിച്ചുവെന്നും ഇനി അയാള്‍ക്കെതിരെ താന്‍ എന്താണ് പറയേണ്ടതെന്നുമായിരുന്നു സുധാകരന്റെ മറുപടി. ഇന്ന് രാവിലെ 11 മണിക്കാണ് കെ സുധാകരന്‍ കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിനായി എത്തിയത്. വൈകിട്ട് 7 വരെ ചോദ്യം ചെയ്യല്‍ നീണ്ടു. ഇതിന് പിന്നാലെയാണ് അറസ്റ്റു രേഖപ്പെടുത്തിയത്.