കോഴിക്കോട് - ഡോ. എസ്.ഗണപതി എന്ന വ്യക്തിയുടേതായി കർമ്മ ന്യൂസ് അവരുടെ സാമൂഹിക മാധ്യമങ്ങൾ വഴി മുസ്‍ലിം സമുദായത്തിനെതിരെ മതസാമുദായിക സ്പർദ്ധ വളർത്തുന്ന തരത്തിലുള്ള വിദ്വേഷ പ്രചാരണത്തിനെതിരെ സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീക്ക് മമ്പാട് കേരള പോലീസ് മേധാവി അനിൽ കാന്ത് ഐ.പി.എസ്സിന് പരാതി നൽകി.
ചാനലിന് നൽകിയ അഭിമുഖത്തിൽ ഡോ ഗണപതി പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മുസ്‍ലിം സമുദായത്തിനെതിരെ സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്നതിനും വിവിധ മതസമുദായങ്ങൾക്കിടയിൽ വെറുപ്പ് വളർത്താനുള്ള ഉദ്ദേശത്തോടെയുള്ളതാണെന്ന് പരാതിയിൽ പറയുന്നു.
''ബ്രെയ്ൻ ഡെത്ത് ഈസ് മോസ്റ്റ്‌ലി സർട്ടിഫൈഡ് ഇൻ ഹോസ്പിറ്റൽസ് ഓൺഡ് ബൈ മുസ്‌ലിം ഡോക്‌ടേർസ് ഓർ മുസ്‌ലിം ബിസിനസ്മാൻ'' എന്നുള്ള ഡോ.എസ് ഗണപതിയുടെ പ്രസ്താവന ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന മുസ്‍ലിം സമുദായ അംഗങ്ങളായ ഡോക്ടർമാരോട് മറ്റുള്ളവർക്ക് വെറുപ്പും വിദ്വേഷവും വളർത്തുക എന്നുള്ള ബോധപൂർവമായ ഉദ്ദേശത്തോടെയുമാണ്.
മുസ്‍ലിം സമുദായത്തോട് മറ്റുള്ളവർക്ക് തെറ്റിദ്ധാരണയും വെറുപ്പും വിദ്വേഷവും പടർത്തുക എന്നുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമായാണ് കർമ്മ ന്യൂസ് അവരുടെ വെബ്‌സൈറ്റിൽ ടി അഭിമുഖത്തിൻറെ തലക്കെട്ടായി 'മുസ്‌ലിംകൾക്ക് ബ്രയിൻ ഡത്ത് ഇല്ല, ബ്രയിൻ ഡത്ത് ആക്കി കൊല്ലുന്നത് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും' എന്ന് നൽകിയിരിക്കുന്നതും അത് വിവിധ സാമൂഹിക മാധ്യമ അക്കൗണ്ടുകളുപയോഗിച്ച് പ്രചരിപ്പിച്ചതുമെന്ന് പരാതിയിൽ പറയുന്നു.
ഡോ. എസ് ഗണപതി, കർമ്മന്യൂസ് ചീഫ് എഡിറ്റർ വിൻസ് മാത്യു, ചാനൽ പ്രതിനിധി എന്നിവർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ സോളിഡാരിറ്റി ആവശ്യപ്പെട്ടു.