സൗദിയില്‍ വിമാന യാത്രക്കാരുടെ പരാതികള്‍ കൂടുതല്‍ ബാഗേജ് സേവനത്തില്‍

ജിദ്ദ - കഴിഞ്ഞ മാസം യാത്രക്കാരില്‍ നിന്ന് ഏറ്റവും കൂടുതല്‍ പരാതികള്‍ ഉയര്‍ന്നുവന്നത് ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ അദീലിനെതിരെ ആണെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (general authority of civil aviation) അറിയിച്ചു. ഒരു ലക്ഷം യാത്രക്കാര്‍ക്ക് 36 പരാതികള്‍ തോതില്‍ മെയ് മാസത്തില്‍ ഫ്‌ളൈ അദീലിനെതിരെ ലഭിച്ചു. ഇതില്‍ 90 ശതമാനം പരാതികള്‍ക്കു മാത്രമാണ് നിശ്ചിത സമയത്തിനകം കമ്പനി പരിഹാരം കണ്ടത്.
ഏറ്റവും കുറവ് പരാതികള്‍ ഉയര്‍ന്നുവന്നത് ദേശീയ വിമാന കമ്പനിയായ സൗദിയക്ക് എതിരെ ആണ്. സൗദിയക്കെതിരെ ഒരു ലക്ഷം യാത്രക്കാര്‍ക്ക് 18 പരാതികള്‍ തോതിലാണ് ലഭിച്ചത്. ഇതില്‍ 97 ശതമാനത്തിനും നിശ്ചിത സമയത്തിനകം കമ്പനി പരിഹാരം കണ്ടു. ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസിനെതിരെ ഒരു ലക്ഷം യാത്രക്കാര്‍ക്ക് 25 പരാതികള്‍ തോതില്‍ ലഭിച്ചു. ഇതില്‍ 91 ശതമാനം പരാതികളും നിശ്ചിത സമയത്തിനകം കമ്പനി പരിഹരിച്ചു. വിമാന കമ്പനികള്‍ക്കെതിരെ ആകെ 811 പരാതികളാണ് കഴിഞ്ഞ മാസം അതോറിറ്റിക്ക് ലഭിച്ചത്. ബാഗേജ് സേവനവുമായി ബന്ധപ്പട്ടാണ് കഴിഞ്ഞ മാസം യാത്രക്കാരില്‍ നിന്ന് ഏറ്റവുമധികം പരാതികള്‍ ലഭിച്ചത്. രണ്ടാം സ്ഥാനത്ത് ടിക്കറ്റുമായി ബന്ധപ്പെട്ട പരാതികളും മൂന്നാം സ്ഥാനത്ത് സര്‍വീസുമായി ബന്ധപ്പെട്ട പരാതികളുമാണ്.
പ്രതിവര്‍ഷം 60 ലക്ഷത്തിലേറെ യാത്രക്കാര്‍ കടന്നുപോകുന്ന അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും കുറവ് പരാതികള്‍ ഉയര്‍ന്നുവന്നത് മദീന എയര്‍പോര്‍ട്ടിനെതിരെ ആണ്. ഒരു ലക്ഷം യാത്രക്കാര്‍ക്ക് ഒരു പരാതി തോതിലാണ് മദീന വിമാനത്താവളത്തിനെതിരെ കഴിഞ്ഞ മാസം ലഭിച്ചത്. ആകെ അഞ്ചു പരാതികളാണ് മദീന വിമാനത്താവളത്തിനെതിരെ ലഭിച്ചത്. ഇവക്കു മുഴുവന്‍ നിശ്ചിത സമയത്തിനകം എയര്‍പോര്‍ട്ട് അധികൃതര്‍ പരിഹാരം കണ്ടു.
വര്‍ഷത്തില്‍ 60 ലക്ഷത്തില്‍ കുറവ് യാത്രക്കാര്‍ ഉപയോഗിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഏറ്റവും കുറവ് പരാതികള്‍ ഉയര്‍ന്നുവന്നത് ഹായില്‍ വിമാനത്താവളത്തിനെതിരെ ആണ്. ഒരു പരാതി മാത്രമാണ് ഹായില്‍ എയര്‍പോര്‍ട്ടിനെതിരെ ലഭിച്ചത്. ഇതിന് നിശ്ചിത സമയത്തിനകം എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്‍ പരിഹാരം കണ്ടു. ആഭ്യന്തര വിമാനത്താവളങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും കുറവ് പരാതികള്‍ ലഭിച്ചത് അറാര്‍ വിമാനത്താവളത്തിനെതിരെ ആണ്. അറാര്‍ വിമാനത്താവളത്തിനെതിരെ ഒരു പരാതി മാത്രമാണ് കഴിഞ്ഞ മാസം ലഭിച്ചത്. ഇതിന് നിശ്ചിത സമയത്തിനകം എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്‍ പരിഹാരം കണ്ടതായും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

 

Latest News