മക്ക - വ്യാജ ഹജ് സ്ഥാപനം നടത്തി ആഭ്യന്തര തീര്‍ഥാടകരെ കബളിപ്പിച്ച മൂന്നംഗ സംഘത്തെ മക്ക പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമകളില്‍ രാജ്യത്ത് കഴിയുന്ന ബംഗ്ലാദേശുകാരാണ് പിടിയിലായത്. അനധികൃത ഓഫീസ് കേന്ദ്രീകരിച്ചാണ് സംഘം വ്യാജ ഹജ് സ്ഥാപനം നടത്തിയിരുന്നത്. ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ക്ക് വിതരണം ചെയ്യുന്നതിന് സമാനമായ വളകളും ഹജ് കാര്‍ഡുകളും വിതരണം ചെയ്താണ് സംഘം തട്ടിപ്പുകള്‍ നടത്തിയിരുന്നത്. പണവും കംപ്യൂട്ടറുകളും പ്രിന്ററും സീലുകളും മറ്റും പ്രതികളുടെ പക്കല്‍ കണ്ടെത്തി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി നിയമ ലംഘകരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പോലീസ് അറിയിച്ചു.
മറ്റുള്ളവര്‍ക്കു വേണ്ടി ഹജ് നിര്‍വഹിച്ചു നല്‍കല്‍, വ്യാജ ഹജ് സ്ഥാപനങ്ങള്‍, ഹാജിമാര്‍ക്ക് ബലികര്‍മത്തിന് സൗകര്യമേര്‍പ്പെടുത്തല്‍, ബലിമാംസം വിതരണം ചെയ്യല്‍, ഹജ് വളകള്‍ വിതരണം ചെയ്യല്‍, പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ഗതാഗത സൗകര്യം ഏര്‍പ്പെടുത്തല്‍ എന്നിവ അടക്കം തട്ടിപ്പുകള്‍ക്ക് ശ്രമിച്ച് സാമൂഹികമാധ്യങ്ങമളിലൂടെ പ്രചരിപ്പിക്കുന്ന പരസ്യങ്ങളിലും അനധികൃത സ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും പരസ്യങ്ങളിലും കുടുങ്ങുന്നതിനെതിരെ പൊതുസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇത്തരം തട്ടിപ്പ് ശ്രമങ്ങളെയും സ്ഥാപനങ്ങളെയും കുറിച്ച് മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് എല്ലാവരും അറിയിക്കമെന്ന് പൊതുസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു.