കൊച്ചി - വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ കെ എസ് യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിന് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഒരാഴ്ച്ചയ്ക്കുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്‍സിലിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയാണെങ്കില്‍ 50,000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തില്‍ ജാമ്യത്തില്‍ വിടണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റുമായി അന്‍സില്‍ ജലീലനെ നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ പറഞ്ഞു. വ്യാജ സര്‍ട്ടിഫിക്കറ്റ് പൊതുജന മധ്യത്തിലുണ്ടെന്നത് വാസ്തവമാണ്. എന്നാല്‍ ഏതെങ്കിലും അതോറിറ്റിക്ക് മുന്‍പില്‍ ഈ രേഖ അന്‍സില്‍ ജലീല്‍ സമര്‍പ്പിച്ചതായി പറയുന്നില്ല. അങ്ങനെയുണ്ടെങ്കില്‍ തെറ്റുകാരനാണെന്നും കോടതി പറഞ്ഞു. ഹൈക്കോടതി രണ്ടാഴ്ചത്തേക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. വ്യാജ സര്‍ട്ടിഫിക്കറ്റ് പുറത്തുവന്നതോടെ കേരള സര്‍വകലാശാല രജിസ്റ്റാറുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വ്യാജ രേഖയുണ്ടായിക്കിയിട്ടില്ലെന്നും പ്രചരിക്കുന്ന ബിരുദ സര്‍ട്ടിഫിക്കറ്റ് വെച്ച് ജോലി നേടിയിട്ടില്ലെന്നുമാണ് കെ എസ് യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീല്‍ കോടതിയില്‍ പറഞ്ഞത്.