ചെന്നൈ - പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ ഹൈക്കോടതി വിധി അന്തിമമല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രീം കോടതിയെ സമീപിക്കാന്‍ പരാതിക്കാരന് അവകാശമുണ്ട്. അതിനായി താന്‍ കാത്തിരിക്കുകയാണ്. തനിക്കതിരെയുള്ള മന്ത്രിമാരുടെ വിമര്‍ശനങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും ഓരോ മാസവും ഓരോ അഴിമതിക്കഥകളാണ് പുറത്ത് വരുന്നതെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ ഡോ. പ്രിയാ വര്‍ഗീസിന് അനുകൂലമായി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്നലെയാണ് ഉത്തരവിട്ടത് .പ്രിയക്ക് നിയമനം നല്‍കിയ റാങ്ക് ലിസ്റ്റ് പുനപരിശോധിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയിരുന്നു.