ബത്തേരി- ആഡംബര റിസോര്‍ട്ടിലെ താമസക്കാരനെന്ന വ്യാജേനെ ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് പത്ത് പവന്‍ സ്വര്‍ണനാണയങ്ങള്‍ തട്ടിയെടുത്ത യുവാവിനെ ബത്തേരി സി.ഐ. എം.എ. സന്തോഷും സംഘവും പിടികൂടി. കോഴിക്കോട് തിക്കോടി സ്വദേശി വടക്കേ പുരയില്‍ റാഹില്‍ (28) ആണ് പിടിയിലായത്. ഇന്നലെയാണ് സംഭവം.നഗരത്തിലെ ഹോട്ടലില്‍ മുറിയെടുത്ത റാഹില്‍ കുറച്ചകലെയുള്ള പഞ്ചനക്ഷത്ര റിസോര്‍ട്ടില്‍ എത്തി അവിടത്തെ താമസക്കാരനായി നടിച്ചാണ് തട്ടിപ്പ് നടത്തിയത്. പ്രമുഖ വ്യവസായിയുടെ ബന്ധുവാണെന്ന് പറഞ്ഞ് ബത്തേരിയിലെ ജ്വല്ലറിയില്‍ വിളിച്ച് 10 സ്വര്‍ണനാണയങ്ങള്‍ ആവശ്യപ്പെടുകയും ബില്ല് ചെയ്തശേഷം കൊണ്ടുവന്നാല്‍ മതിയെന്ന് നിര്‍ ദേശിക്കുകയും ചെയ്തു.ഇതനുസരിച്ച് ജ്വല്ലറി ജീവനക്കാരന്‍ റിസോര്‍ട്ടില്‍ എത്തി സ്വര്‍ണം കൈമാറിയതിനു പിന്നാലെ റാഹില്‍ തന്ത്രത്തില്‍ മുങ്ങുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രതിയെ തിരിച്ചറിഞ്ഞു. റാഹിലിന്റെ ഫോട്ടോ പ്രചരിപ്പിച്ചു. ടാക്‌സിയില്‍ റാഹി ല്‍ സഞ്ചരിക്കുന്നതിനിടെ സൂചന ലഭിച്ച ഡ്രൈവര്‍ കുന്ദമംഗലത്തിന് സമീപം നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പോലീസിന് കൈമാറുകയായിരുന്നു.