Sorry, you need to enable JavaScript to visit this website.

ജാമ്യം നിന്നതിന് ബാങ്ക് ജപ്തി; തീപന്തങ്ങളുമായി പ്രതിഷേധം

കൊച്ചി- ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരില്‍ ഇടപ്പള്ളി സ്വദേശി പ്രീത ഷാജിയുടെ വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള നടപടിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. മണ്ണെണ്ണയും പെട്രോളും തീപ്പന്തങ്ങളുമായി വീടിനു മുന്നില്‍ പ്രതിഷേധിക്കുന്നവരില്‍ ചിലര്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താനും ശ്രമം നടത്തി.
ഫയര്‍ഫോഴ്സ് എത്തി വെള്ളമൊഴിച്ച് അപകടമൊഴിവാക്കുകയായിരുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജപ്തി നടപടികള്‍ക്കായി അഭിഭാഷക കമ്മീഷന്‍ എത്തുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമായത്. ആവശ്യമെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. 
സുഹൃത്തിന് വായ്പയെടുക്കാന്‍ ജാമ്യം നിന്നതിന്റെ പേരില്‍ കിടപ്പാടം ജപ്തി ചെയ്ത ബാങ്ക് നടപടിക്കെതിരെ പ്രീത ഷാജി ചിതയൊരുക്കി പ്രതിഷേധിച്ചത് വലിയ ചര്‍ച്ചയായിരുന്നു. 292 ദിവസത്തോളമാണ് ഇവര്‍ ചിതയൊരുക്കി പ്രതിഷേധിച്ചത്.
1994-ല്‍ സുഹൃത്തിന് രണ്ടുലക്ഷം രൂപ വായ്പയെടുക്കാന്‍ ജാമ്യം നിന്നതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. രണ്ടുകോടി 30 ലക്ഷം രൂപ കുടിശികയായെന്ന കണക്കുണ്ടാക്കി, രണ്ടരക്കോടി രൂപ മതിപ്പുവില കണക്കാക്കുന്ന പ്രീതയുടെ കിടപ്പാടം 38 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ വിറ്റുവെന്നാണ് ആക്ഷേപം. 50 ലക്ഷം രൂപ നല്‍കാമെന്ന് അറിയിച്ചെങ്കിലും ബാങ്ക് അധികൃതര്‍ കയ്യൊഴിഞ്ഞുവെന്ന് പ്രീത പറയുന്നു.
 

Latest News