Sorry, you need to enable JavaScript to visit this website.

പകർച്ചപ്പനി: വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ; സ്‌കൂളുകളിൽ നാളെ ആരോഗ്യ അസംബ്ലി

- പകർച്ചപ്പനി പ്രതിരോധത്തിനായി മൂന്ന് വകുപ്പ് മന്ത്രിമാർ സംയുക്ത യോഗം ചേർന്നു

തിരുവനന്തപുരം - സംസ്ഥാനത്ത് പകർച്ചപ്പനി പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യം, തദ്ദേശ സ്വയംഭരണം, വിദ്യാഭ്യാസം എന്നി വകുപ്പുകളുടെ സംയുക്ത യോഗം ചേർന്നു. ആരോഗ്യ മന്ത്രി വീണാ ജോർജ്, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.
  ജൂലൈ മാസത്തിൽ പകർച്ചപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാൽ പ്രതിരോധ പ്രവർത്തനങ്ങളും ജാഗ്രതയും ശക്തമാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. കുട്ടികളിൽ ഉൾപ്പെടെ പനി കൂടി വരികയാണ്. ഈ സാഹചര്യത്തിൽ വകുപ്പുകളുടെ ഏകോപിച്ച പ്രവർത്തനത്തിനും പൊതുവിൽ സ്വീകരിക്കേണ്ടണ്ട കാര്യങ്ങൾ ചർച്ച ചെയ്ത് നടപ്പാക്കാനുമാണ് യോഗം വിളിച്ചതെന്ന് മന്ത്രി പറഞ്ഞു.
ഗുരുതര രോഗികൾ ഒരേസമയം ആശുപത്രികളിലെത്തിയാൽ ആശുപത്രി സംവിധാനത്തിൽ പ്രയാസങ്ങളുണ്ടാവും. അത്തരമൊരു സാഹചര്യമുണ്ടാവാതിരിക്കാൻ വകുപ്പുകൾ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളുണ്ടാവണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
 ജില്ലാതലത്തിൽ കൂടാതെ തദ്ദേശ തലത്തിൽ രണ്ടാഴ്ചയിലൊരിക്കൽ യോഗം വിളിക്കുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. മെഡിക്കൽ ഓഫീസർ, കുടുംബശ്രീ, ഹരിതകർമ്മ സേന, തൊഴിലുറപ്പ്, പാടശേഖര സമിതി തുടങ്ങിയ പ്രതിനിധികളെ കൂടി യോഗത്തിൽ ഉൾപ്പെടുത്തും. ഹോട്ട് സ്‌പോട്ടുകളിൽ പ്രത്യേക ഇടപെടൽ നടത്തും. മഴക്കാല ശുചീകരണം നേരത്തെ തന്നെ നടത്തിയതിന്  നല്ല മാറ്റമുണ്ടായി. തദ്ദേശ സ്ഥാപനങ്ങൾ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി ഡ്രൈ ഡേ ആചരിക്കണം. വരുന്ന ആഴ്ചകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകൾ, ശനിയാഴ്ച ഓഫീസുകൾ, ഞായറാഴ്ച വീടുകൾ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. സർക്കാർ-സ്വകാര്യ ഓഫീസുകളും സ്ഥാപനങ്ങളും ശുചീകരണ പ്രവർത്തനം നടത്തി പ്രതിരോധം ഉറപ്പാക്കണമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി നിർദേശിച്ചു.
 കുട്ടികളിൽ ഇൻഫഌവൻസ കേസുകൾ കൂടി വരുന്ന സാഹചര്യം കണക്കിലെടുത്ത് വിദ്യാഭ്യാസ വകുപ്പ് പ്രവർത്തനം ശക്തമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പകർച്ചപ്പനി അവബോധത്തിനായി എല്ലാ സ്‌കൂളുകളിലും ജൂൺ 23 വെള്ളിയാഴ്ച ആരോഗ്യ അസംബ്ലി നടത്തും. സ്‌കൂളുകളെക്കൂടി ആരോഗ്യ വകുപ്പിന്റെ ഹോട്ട്‌സ്‌പോട്ട് പരിശോധനയില് ഉൾപ്പെടുത്തും. ആരോഗ്യ പ്രവർത്തകർ സ്‌കൂളുകൾ സന്ദർശിച്ച് മാർഗനിർദേശങ്ങൾ നല്കും. ഒരു ക്ലാസിൽ അഞ്ചിൽ കൂടുതൽ കുട്ടികൾ പനിബാധിച്ച് ഹാജരാകാതിരുന്നാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുട്ടികൾ കുടിക്കാൻ പാടുള്ളൂ. കുട്ടികൾ മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. പനിയുള്ള കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കരുതെന്നും നിർദേശിച്ചു.
 വാർഡ് തലത്തിൽ ആരോഗ്യ ജാഗ്രതാ സമിതികൾ യോഗം ചേർന്ന് നടപടി സ്വീകരിക്കണം. കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനം ഊർജിതമാക്കും. നിർമ്മാണ തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മ സേനാ പ്രവർത്തകർ, കർഷകർ, ക്ഷീര കർഷകർ, അരുമ മൃഗങ്ങളെ വളർത്തുന്നവർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കും. 
 ജില്ലാ തലത്തിൽ ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ അവലോകന യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കും. ഹരിതകർമ്മസേന, സന്നദ്ധ പ്രവർത്തകർ, റസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയവയുടെ പിന്തുണ ഉറപ്പ് വരുത്താനും നിർദേശിച്ചു.

Latest News