തൃശൂര്‍ - പത്ത് വയസുകാരനെ പീഡിപ്പിച്ച കേസില്‍ 64 കാരന് 95 വര്‍ഷം കഠിന തടവും, നാലേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശ്ശൂര്‍ മാള പുത്തന്‍ചിറ സ്വദേശി അറക്കല്‍ വീട്ടില്‍ ഹൈദ്രോസിനെയാണ് ചാലക്കുടി പോക്സോ കോടതി ശിക്ഷിച്ചത്. പിഴത്തുക മുഴുവനായും ഇരയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം. പക്ഷികളെ പിടികൂടി മാള, പുത്തന്‍ ചിറ പ്രദേശത്ത് വില്പന നടത്തി വന്നിരുന്ന ആളാണ് പ്രതി ഹൈദ്രോസ്. പീഡനത്തിനിരയായ പത്ത് വയസുകാരനായ വിദ്യാര്‍ത്ഥി ഹൈദ്രോസില്‍ നിന്നും പക്ഷികളെ വാങ്ങാന്‍ എത്താറുണ്ടായിരുന്നു. ഇതിനിടെയാണ് ഹൈദ്രോസ് കുട്ടിയെ ഭീഷണിപ്പെടുത്തി പലതവണ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. ഒരു വര്‍ഷത്തോളം ഇയാള്‍ കൂട്ടിയെ പീഡിപ്പിച്ചു. ഒടുവില്‍ സഹികെട്ട കുട്ടി കൂട്ടുകാരോട് പീഡന വിവരം പറഞ്ഞു. സുഹൃത്തുക്കള്‍ പീഡനവിവരം കുട്ടിയുടെ വീട്ടുകാരെ അറിയിക്കുകയും വീട്ടുകാര്‍ മാള പൊലീസില്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.