കൊച്ചി - തന്റെ വീട്ടിലോ ഓഫീസിലോ ഇന്‍കംടാക്സ് റെയ്ഡ് നടന്നിട്ടില്ലെന്ന് പ്രമുഖ യൂട്യൂബര്‍ സുജിത് ഭക്തന്. താന്‍ സിംഗപ്പൂര്‍-മലേഷ്യാ യാത്രയിലാണെന്നും തന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടന്നെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പ്രതികരിച്ചു.
' പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നു എന്ന വാര്‍ത്ത ഞാന്‍ അറിഞ്ഞിട്ടുണ്ട്. എന്റെ പേരും വാര്‍ത്തകളില്‍ പരാമര്‍ശമുണ്ടെന്നും അറിഞ്ഞു. എന്നാല്‍ തന്റെ വീട്ടിലോ ഓഫീസിലോ ഒന്നും ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നില്ല. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇന്‍കം ടാക്സ് അടയ്ക്കുന്നുണ്ട്. ജിഎസ്ടി അടയ്ക്കുന്നുണ്ട്. ടാക്സ് സംബന്ധമായ കാര്യങ്ങളില്‍ വീഴ്ച വരുത്താറില്ല. എനിക്ക് ഒരു കമ്പനി കൂടിയുണ്ട്. അതുകൊണ്ട് ഒരു വീഴ്ചയും വരുത്താറില്ല. എല്ലാ കാര്യങ്ങളും നിയമപരമായി തന്നെ നിര്‍ബന്ധമുള്ളതിനാല്‍ ടാക്സും ഇതുമായി ബന്ധപ്പെട്ട അനുബന്ധകാര്യങ്ങളും കൃത്യമായി തന്നെ ചെയ്യാറുണ്ട്. യൂട്യൂബര്‍മാര്‍ ടാക്സ് അടയ്ക്കണം, എല്ലാ കാര്യങ്ങളും നിയമപരമായി തന്നെ ചെയ്യണം എന്നും ഞാന്‍ ആവശ്യപ്പെടാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ തന്നെ ഞാന്‍ ചെയ്തിട്ടുണ്ട്. അത് യൂട്യൂബര്‍മാര്‍ക്കുള്ള നിര്‍ദ്ദേശമായാണ് ചെയ്തത്. ഇത്തരം റെയ്ഡുകള്‍ വരുമെന്ന് ഞാന്‍ ആദ്യമേ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ എന്റെ രേഖകള്‍ എല്ലാം ശരിയാക്കി വയ്ക്കാന്‍ നിര്‍ബന്ധവും കാണിക്കാറുണ്ട്.' -സുജിത് ഭക്തന് പറഞ്ഞു.