Sorry, you need to enable JavaScript to visit this website.

വിദ്യയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി, ഉടന്‍ കോടതിയില്‍ ഹാജരാക്കും

പാലക്കാട് - വ്യാജരേഖാ കേസില്‍ അറസ്റ്റിലായ എസ്.എഫ്.ഐ നേതാവ് കെ.വിദ്യയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഡോക്ടര്‍മാരെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് വിദ്യയുടെ ആരോഗ്യ പരിശോധനയും പൂര്‍ത്തിയാക്കി. ഉടന്‍ തന്നെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. കോടതിയില്‍ വിദ്യയ്ക്ക് വേണ്ടി ഹൈക്കോടതി അഭിഭാഷകന്‍ ജാമ്യ ഹര്‍ജി സമര്‍പ്പിക്കും. താന്‍ വ്യാജ രേഖ ചമച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് അനുഭാവികളായ ഒരു പറ്റം അധ്യാപകര്‍ തനിക്കെതിരെ ഗൂഡാലോചന നടത്തി കേസില്‍ കുടുക്കുകയാണുണ്ടായതെന്നുമാണ് വിദ്യ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിട്ടുള്ളത്.  കോഴിക്കോട് മേപ്പയ്യൂരിലെ സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് അഗളി പോലീസ് വിദ്യയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കേസെടുത്ത് പതിനഞ്ചാം ദിവസമാണ് വിദ്യ പിടിയിലായത്. നീലേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹരജി ഈ മാസം 24ന് കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ് നടന്നത്. അട്ടപ്പാടി കോളജില്‍ വിദ്യ നല്‍കിയത് വ്യാജ രേഖകളാണെന്ന് കോളജ് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. പ്രവൃത്തി പരിചയ രേഖയിലെ ഒപ്പും സീലും വ്യാജമെന്നാണ് കണ്ടെത്തിയത്. ഒറ്റനോട്ടത്തില്‍ മഹാരാജാസ് കോളജിലേതെന്ന് തോന്നുന്ന വിധമാണ് രേഖയിലെ ഒപ്പും സീലുമുള്ളത്. ബയോഡാറ്റയിലും വിദ്യ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ട് കൊളീജിയേറ്റ് സംഘം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്.
മുദ്രവെച്ച കവറിലാണ് റിപ്പോര്‍ട്ട് കൈമാറിയത്. കഴിഞ്ഞ പതിനാറാം തീയതി കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും സംഘവും അട്ടപ്പാടി കോളേജില്‍ എത്തി പരിശോധന നടത്തിയിരുന്നു.

Latest News