Sorry, you need to enable JavaScript to visit this website.

വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം ; ആര്‍ഷോയോടും ബാബുജാനോടും പാര്‍ട്ടി വിശദീകരണം തേടി

തിരുവനന്തപുരം - വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ സി പി എം നേതൃത്വത്തിന് കടുത്ത് അതൃപ്തി. വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റില്‍ പ്രതിസ്ഥാനത്തുള്ള നിഖില്‍ തോമസിനെ സഹായിച്ചെന്ന് ആരോപണമുയര്‍ന്ന സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എച്ച് ബാബുജാനോടും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയോടും പാര്ട്ടി വിശദീകരണം തേടി. ഇരുവരും എ കെ ജി സെന്ററിലെത്തി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കണ്ട് നേരിട്ട് വിശദീകരണം നല്‍കിയതായാണ് സൂചന. വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം പാര്‍ട്ടിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ടെന്നാണ് സി പി എം വിലയിരുത്തല്‍. വിവാദത്തിനു ശേഷം ആദ്യമായാണ് ഇന്ന് എസ് എഫ് ഐ സംസ്ഥാന സമിതി ചേരുന്നത്. നിഖില്‍ തോമസിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റില്‍ വ്യക്തത വരും മുമ്പ് സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ തിടുക്കപ്പെട്ട് ന്യായീകരണം നടത്തിയതില്‍ സംഘടനയില്‍ ശക്തമായ അമര്‍ഷമുണ്ട്. 
വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തിനിടെ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് തിരുവനന്തപുരത്ത് നടക്കുന്നുണ്ട്. എസ് എഫ് ഐ നേതൃത്വം തുടര്‍ച്ചയായി വിവാദങ്ങളില്‍ പെടുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിനു കടുത്ത അതൃപ്തി ഉണ്ട്. സംഘടനയില്‍ അടിയന്തര തിരുത്തല്‍ വേണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമാണ്.

 

Latest News