കൊച്ചി- മഹാരാജാസ് കോളേജിൽ വിദ്യാർഥി സംഘർഷത്തിനിടെ എസ്.എഫ്.ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടിട്ട് ഒരാഴ്ച പിന്നിടുമ്പോഴും കൊലയാളിയെ കണ്ടെത്താൻ കഴിയാതെ പോലീസ്. കാമ്പസ് ഫ്രണ്ടിന്റെ സംരക്ഷകരായ പോപ്പുലർ ഫ്രണ്ട്-എസ്.ഡി.പി.ഐ നേതാക്കളുടെ സഹായത്തോടെ പ്രതികൾ ഒളിവിൽ പോയിരിക്കാമെന്ന കണക്കുകൂട്ടലിൽ കേരളത്തിലെ എസ്.ഡി.പി.ഐ ഓഫീസുകളിലും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലും പോലീസ് വ്യാപകമായ പരിശോധന നടത്തിയെങ്കിലും ഒരു തുമ്പും കിട്ടിയിട്ടില്ല. രാജ്യത്തിനകത്തും പുറത്തും സ്വാധീനമുള്ള എസ്.ഡി.പി.ഐ പ്രതികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് കടത്തിയതായാണ് പോലീസ് കരുതുന്നത്. കൈവെട്ടു കേസിൽ പ്രതികളെ സംരക്ഷിച്ച രീതിയാണ് ഇതിന് ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം മഹാരാജാസിൽ കൊലപാതകവും സംഘർഷവുമുണ്ടാക്കാനാണ് ജൂലൈ ഒന്നിന് എത്തിയതെന്ന് പോലീസ് കസ്റ്റഡിയിലുള്ള മൂന്ന് പ്രതികൾ സമ്മതിച്ചതായി പോലീസ് പറയുന്നു. ചുവരെഴുത്തു മാറ്റി എഴുതാനും കാമ്പസ് ഫ്രണ്ടിന്റെ ചുവരെഴുത്തു മായ്ച്ചവരെ ഒരു പാഠം പഠിപ്പിക്കണമെന്നുമാണ് തങ്ങൾക്കു ലഭിച്ച നിർദ്ദേശമെന്നു പ്രതികൾ പോലീസ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായി അന്വേഷണ സംഘം പറഞ്ഞു. കഴിഞ്ഞ ദിവസം പിടിയിലായ നവാസ്, ജെഫ്റി എന്നിവരെ റിമാൻഡ് ചെയ്തു. കേസിൽ ആദ്യം അറസ്റ്റിലായ കോട്ടയം കങ്ങഴ പത്തനാട് ചിറയ്ക്കൽ ഹൗസിൽ ബിലാൽ (19), ഫോർട്ട്‌കൊച്ചി കൽവത്തി പുതിയാണ്ടി ഹൗസിൽ റിയാസ് (37), പത്തനംതിട്ട കുളത്തൂർ നരക്കാത്തിനാംകുഴിയിൽ ഹൗസിൽ ഫാറൂഖ് (19) എന്നിവരാണു പോലീസ് കസ്റ്റഡിയിലുള്ളത്. കോളേജിൽ കാമ്പസ് ഫ്രണ്ടിന് വേരോട്ടം ഉണ്ടാക്കാനും എതിരായി നിൽക്കുന്നവരെ ഭീതിയിലാഴ്ത്തി കൂടെ ചേർക്കാനുമായിരുന്നു പദ്ധതി. ഞായറാഴ്ച രാത്രി പോസ്റ്റർ പതിച്ചതുമായി ബന്ധപ്പെട്ട് മനഃപൂർവം സംഘർഷം ഉണ്ടാക്കാനായിരുന്നു നിർദേശിച്ചതെന്നു പ്രതികൾ വെളിപ്പെടുത്തിയിട്ടുണ്ട്.
എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ മാത്രമല്ല, സംഘർഷത്തിനിടെ പരമാവധി എസ്എഫ്‌ഐ പ്രവർത്തകരെ ആക്രമിക്കാനും ലക്ഷ്യമിട്ടാണ് മാരകായുധങ്ങളുമായി എത്തിയതെന്നും പ്രതികൾ പറഞ്ഞിട്ടുണ്ട്. ഇതിനു നേതൃത്വം നൽകിയവരെ കുറിച്ച് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് എസ്.പി കെ ലാൽജി പറഞ്ഞു. പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോൺ നമ്പറുകൾ പരിശോധിക്കുകയാണ്. സംസ്ഥാനത്തു വ്യാപക റെയ്ഡ് നടക്കുന്നതിനാൽ പ്രതികളിൽ ചിലർ ഇതര സംസ്ഥാനങ്ങളിലേക്കു കടന്നിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.