കൊച്ചി - കാർഗോ വഴി അയച്ച സ്വർണം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി. പൊടിരൂപത്തിലാക്കിയ 206 ഗ്രാം സ്വർണമാണ് പിടികൂടിയത്. അലുമിനിയം ഫോയിലിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം.
ഇതിന് 11 ലക്ഷത്തിലധികം രൂപ വില വരും. യു.എ.ഇയിൽനിന്ന് അബൂബക്കർ എന്നയാൾ മലപ്പുറം സ്വദേശിനികളായ സജ്‌ന, സൈന എന്നിവരുടെ പേരിലാണ് പാഴ്‌സൽ അയച്ചത്. ബിസ്‌കറ്റ്, ബദാം തുടങ്ങിയ സാധനങ്ങളാണ് പായ്ക്കറ്റിനുള്ളിൽ ഉള്ളതെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ എക്‌സ്‌റേ പരിശോധനയിൽ അലുമിനിയം ഫോയിലിൽ പൊടി രൂപത്തിലാക്കിയ സ്വർണം കണ്ടെത്തുകയായിരുന്നു.
കാർഗോ എത്തിയ മേൽവിലാസം അടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം ആരംഭിച്ചു. ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. ചൊവ്വാഴ്ചയും നെടുമ്പാശ്ശേരിയിൽ കാർഗായിലൂടെ 60 ഗ്രാം സ്വർണം പിടികൂടിയിരുന്നു. ഈന്തപ്പഴത്തിലെ കുരു കളഞ്ഞശേഷം ഒളിപ്പിച്ച നിലയിലായിരുന്നു ഇന്നലെ പിടികൂടിയ സ്വർണം. കൂടാതെ, പാൽപ്പൊടിയിലും സ്വർണമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ബുധനാഴ്ച പരിശോധന ശക്തമാക്കിയത്.