കേരളത്തിൽ കഴിഞ്ഞ കുറെ ദിവസങ്ങളായുള്ള വിവാദമാണ് അവയവദാനത്തിൽ നിഗൂഢമായ ഇടപെടലുകൾ നടക്കുന്നുവെന്ന തരത്തിലുള്ള വാർത്തകൾ. കൊച്ചി ലേക് ഷേർ ആശുപത്രിയിൽ നടന്ന ഒരു സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കാൻ കോടതി ഉത്തരവിട്ട പശ്ചാതലത്തിലായിരുന്നു വിവാദത്തിന്റെ തുടക്കം. എന്നാൽ, ഈ സംഭവത്തിന് ശേഷം കേരളത്തിൽ വർഗീയത വിതക്കാനുള്ള ആസൂത്രിത നീക്കമാണ് പിന്നീട് നടന്നത്. അവയവദാനം സംബന്ധിച്ച അന്വേഷണത്തിന് കോടതി ഉത്തരവിടാൻ കാരണമായ സംഭവങ്ങളിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചത് ഡോ.ഗണപതിയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യത്തിൽ അതിതീവ്ര വർഗീയതയാണ് ഡോ. ഗണപതി പുറത്തെടുത്തത്. മുസ്ലിംകളിൽ മസ്തിഷ്‌ക മരണം സംഭവിക്കുന്നില്ലെന്നും മുസ്ലിം ഡോക്ടർമാരാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത് എന്നുമാണ് ഡോ. ഗണപതി പറയുന്നത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
മുൻ മന്ത്രി ഡോ. കെ.ടി ജലീൽ എഴുതിയ കുറിപ്പ് വായിക്കാം.
ഡോ: ഗണപതിയുടെ വെളിപാടും അവയവ മതവും!
അവയവ ദാനവുമായി ബന്ധപ്പെട്ട് ഡോ: ഗണപതി നടത്തിയ വെളിപ്പെടുത്തൽ സത്യമാണെങ്കിൽ അതീവ ഗൗരവമേറിയതാണ്. കോടതി അന്വേഷണത്തിന് ഉത്തരവിട്ട വാർത്ത അങ്ങേയറ്റം പ്രശംസനീയം തന്നെ.
എന്നാൽ ഡോ: ഗണപതി അതും കടന്ന് ചില ദുസ്സൂചനകൾ നൽകി ഒരു സ്വകാര്യ ഓൺലൈൻ ചാനലിന് കൊടുത്ത അഭിമുഖം അങ്ങേയറ്റം വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതും തെറ്റിദ്ധാരണ പരത്തുന്നതുമാണ്.
അവ താഴേ പറയും വിധം സംഗ്രഹിക്കാം.
രണ്ട് വർഷങ്ങളിലായി നടന്ന 148 മസ്തിഷ്‌ക മരണങ്ങളിൽ ഒന്ന് മാത്രമാണ് മുസ്ലിങ്ങളിൽ നിന്നുള്ളവർ. ബാക്കിയെല്ലാവരും മറ്റു സമുദായ വിഭാഗങ്ങളിൽ പെടുന്നവരാണ്. ഇതിന് കാരണമായി അദ്ദേഹം വ്യങ്യമായി സൂചിപ്പിക്കുന്നത് പല മുസ്ലിം പേരുള്ള ഉടമസ്ഥരുടെ സ്വകാര്യ ആശുപത്രികളിലും ''മസ്തിഷ്‌ക മരണം' സ്ഥിരീകരിക്കുന്നത് മുസ്ലിം ഡോക്ടർമാരാണ് എന്നാണ്. അവർ ബോധപൂർവ്വം മുസ്ലിങ്ങളെ ഈ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നു. അതിന് തെളിവൊന്നും ഡോ: ഗണപതി പറയുന്നില്ല താനും. കോഴിക്കോട്ടെ 'ബേബി മെമ്മോറിയൽ' ഹോസ്പിറ്റൽ പോലും ആ ഗണത്തിലാണ് അദ്ദേഹം സ്വബോധമില്ലാതെ ഉൾപ്പെടുത്തിയത്.
അവയവമാറ്റ ശസ്ത്രക്രിയ, മാഫിയാ മോഡലിൽ നടന്നുവെന്ന് ഡോ: ഗണപതി ആരോപിക്കുന്നത് 2009-ൽ സംഭവിച്ചതാണ്. അതിന് വേദിയായത് എറണാങ്കുളത്തെ 'ലേക്ക്‌ഷോർ' ഹോസ്പിറ്റലും. 2009-ൽ 'ലേക്ക്‌ഷോർ' ഹോസ്പിറ്റലിന്റെ എം.ഡി ഡോ: ഫിലിപ്പ് അഗസ്റ്റിനാണ്. പബ്ലിക്ക് ലിമിറ്റഡ് കമ്പനിയായാണ് പ്രസ്തുത ഹോസ്പിറ്റൽ അന്നും ഇന്നും പ്രവർത്തിക്കുന്നത്. പ്രവാസി വ്യവസായ പ്രമുഖനായ എം.എ യൂസുഫലി അന്ന് 'ലേക്ക്‌ഷോറിൽ' 8% മാത്രം ഓഹരിയുള്ള ഡയറക്ടർ മാത്രമായിരുന്നു. 2016-ലാണ് ഡോ: ഷംസീർ ''ലേക്ക്‌ഷോറി'ന്റെ 42% ഓഹരിയും എം.എ യൂസുഫലി 16% ഓഹരിയും വാങ്ങുന്നത്. 2009 ൽ നടന്നതായി ഡോ: ഗണപതി തന്നെ പറയുന്ന 'മാഫിയാ അവയവമാറ്റ' ശസ്ത്രക്രിയയിൽ 2016 ൽ മേജർ ഷെയർ വാങ്ങിയ മുസ്ലിം പേരുകാരൻ എങ്ങിനെയാണ് പ്രതിയാവുക?
ഡോ: ഗണപതി കോടതിയിൽ നൽകിയ പരാതിയിൽ കുറ്റമാരോപിച്ചവരിൽ എട്ടുപേരാണ് ഉള്ളത്. ഡോ: ഫിലിപ്പ് അഗസ്റ്റിൻ, ഡോ: മഹേഷ്, ഡോ: ജോർജ് ജോസഫ് എറാളി, ഡോ: സായ് സുദർശൻ, ഡോ: തോമസ് തച്ചിൽ, ഡോ: മുരളീകൃഷ്ണ മേനോൻ, ഡോ: സുജിത് വാസുദേവൻ, ഡോ: സജീവ് എസ് എന്നിവരാണ്. ഇക്കൂട്ടത്തിൽ ഒരു മുസ്ലിം നാമം ഇല്ലേയില്ല. എന്നിട്ടുമെന്തേ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചവർ മുസ്ലിം ഡോക്ടർമാരാണെന്ന് മിസ്റ്റർ ഗണപതി ദുസ്സൂചന നൽകിയത്?
ഡോ: ഗണപതി പറഞ്ഞ കാര്യങ്ങളിൽ സത്യത്തിന്റെ തരിമ്പുണ്ടെങ്കിൽ ഉത്തരവാദികളായ കശ്മലൻമാരെ 'തൂക്കിക്കൊല്ലണം'. കാരണം അത്രവലിയ പാപമാണ് അവർ ചെയ്തത്. അവർ മുസ്ലിമാണെങ്കിലും അല്ലെങ്കിലും ശരി. ഇത്തരം പ്രശ്‌നങ്ങളെ വർഗ്ഗീയമായി അവതരിപ്പിച്ച് സമൂഹത്തിൽ ഛിദ്രത പടർത്താൻ ഡോ: ഗണപതി അറിഞ്ഞോ അറിയാതെയോ ശ്രമിക്കുന്നത് അത്യന്തം അപലപനീയവും നിന്ദ്യവുമാണ്. ഈ അസത്യ പ്രസ്താവന ഉത്തരേന്ത്യയിൽ സംഘ്പരിവാറുകാർ ദുരുപയോഗം ചെയ്യുമെന്ന് ഉറപ്പാണ്. ഒരുപക്ഷെ, നാളെ മറ്റൊരു 'കേരള സ്റ്റോറിയായി' പുറത്ത് വരാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.
'അപ്പോത്തിക്കിരി', 'ജോസഫ്' എന്നീ മലയാള സിനിമകൾ കാഴ്ചക്കാരുടെ ഹൃദയം തകർക്കും. സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന കൊടിയ ചൂഷണത്തിനെതിരെ സമരനിരയുടെ മുന്നിൽ നിൽക്കാൻ ഓരോരുത്തരെയും കൊതിപ്പിക്കും. അത്രമാത്രം ഭീകരമാണ് അതിലെ രംഗങ്ങൾ. ഒരു തിരക്കഥാകൃത്തിന്റെ ഭാവനക്കപ്പുറം വസ്തുതകൾ വല്ലതും അതിലുണ്ടെങ്കിൽ അതദ്ദേഹം ഈ ഘട്ടത്തിൽ അത് തുറന്നു പറയണം. ഏറ്റവും യോജ്യമായ സമയമാണിത്.
മുസ്ലിങ്ങൾ അവയവങ്ങൾ ദാനം ചെയ്യാറില്ല എന്ന ദുഷ്പ്രചരണവും ഇതിനിടയിൽ ചിലർ നടത്തുന്നുണ്ട്. ഡോ: ഗണപതിയും അങ്ങിനെ ഒരു അഭിപ്രായം തന്റെ അഭിമുഖത്തിൽ പറയാതെ പറയുന്നത് സസൂക്ഷ്മം നിരീക്ഷിച്ചാൽ മനസ്സിലാക്കാം. അത് തീർത്തും തെറ്റാണ്. ചില അനുഭവങ്ങൾ കേൾക്കുക. എന്റെ മൂതാപ്പയുടെ മകൾ കതിയാമുവിന്റെ കരളാണ് മകൻ ഇഖ്ബാലിന് പകുത്തു നൽകിയത്. ഓപ്പറേഷൻ നടന്നത് അമൃതയിൽ വെച്ചാണ്. സർജറി കഴിഞ്ഞ് ഒരു മാസം കഴിയുന്നതിന് മുമ്പ് ഇക്ബാൽ മരണപ്പെട്ടു. മുപ്പത് ലക്ഷത്തോളം രൂപയാണ് അന്ന് ചെലവായത്.
വളാഞ്ചേരിയിൽ എന്റെ സുഹൃത്ത് ഡോ: മുജീബിന്റെ ജേഷ്ഠ സഹോദരൻ ഡോ: നിസാറിന് കരൾമാറ്റ ശസ്ത്രക്രിയ ആവശ്യമായി വന്നു. അവരുടെ മൂത്ത സഹോദരന്റെ മകൻ ഡോ: സാലിഖാണ് തന്റെ കരൾ പിതൃവ്യന് ദാനം നൽകിയത്. ശസ്ത്രക്രിയ നടന്നത് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ. അവയവങ്ങൾ സ്വീകരിക്കാമെങ്കിൽ നൽകുകയും ചെയ്യാം. അതിന് ഒരു മതവും എതിരല്ല. ഇസ്ലാമിനെ വികൃതമാക്കാൻ ഏതെങ്കിലും വിവരദോഷികൾ വല്ലതും പറഞ്ഞിട്ടുണ്ടെങ്കിൽ അതിനെ 'ഇസ്ലാമിന്റെ' കണക്കിൽ എഴുതി ആ വിഭാഗത്തിൽ പെടുന്നവരെ അപമാനിക്കരുത്.
അവയവദാന സംസ്‌കാരം ജനങ്ങളിൽ വളർത്താൻ നല്ല ബോധവൽക്കരണം അനിവാര്യമാണ്. പണം കൊടുത്ത് അവയവങ്ങൾ വിലക്ക് വാങ്ങുന്ന ഏർപ്പാട് അവസാനിക്കണം. അവയവ ദാതാക്കൾ ബന്ധുക്കളും സുഹൃത്തുക്കളുമാകണം. സ്വഇഷ്ടപ്രകാരം ദാനം ചെയ്യുന്നവർക്ക് അങ്ങിനെയുമാകാം. ജീവിതത്തിൽ അവയവദാനത്തിന്റെ സാഹചര്യം വ്യക്തിപരമായി എനിക്കുണ്ടായാൽ ഒരുകാരണവശാലും പണം കൊടുത്ത് അവയവങ്ങൾ വാങ്ങി ജീവിക്കാൻ ഞാൻ തീരുമാനിക്കില്ല. മറ്റുള്ളവരുടെ ദാരിദ്ര്യവും കഷ്ടപ്പാടും ചൂഷണം ചെയ്ത് എന്തിന് നമുക്കൊരു ജീവിതം?