ജിദ്ദ- തനിമയുടെ കീഴിൽ ഈ വർഷത്തെ ഹജ് സേവനത്തിന് ജിദ്ദയിൽ നിന്നും പോകുന്ന വളണ്ടിയർ മാർക്കുള്ള പരിശീലവും വളണ്ടിയർ ജാക്കറ്റ് റിലീസിംഗും സംഘടിപ്പിച്ചു.
ഷറഫിയ ഐ.ബി.എം മദ്രസയിൽ നടന്ന സംഗമത്തിൽ തനിമ അഖില സൗദി ഹജ് സെൽ കൺവീനർ സി.എച്ച്. ബഷീർ അധ്യക്ഷനായിരുന്നു.
ഈ വർഷത്തെ വളണ്ടിയർ ജാക്കറ്റ് തനിമ അഖില സൗദി ജനറൽ സെക്രട്ടറി എൻ.കെ. റഹീം, വളണ്ടിയർ ക്യാപ്റ്റൻ മുനീർ ഇബ്രാഹിമിന് നൽകി പ്രകാശനം നിർവഹിച്ചു.
ഹജ് ദിനങ്ങളിൽ മിന കേന്ദ്രീകരിച്ചാണ് ജിദ്ദയിൽ നിന്നുമുള്ള വളണ്ടിയർമാരുടെ പ്രവർത്തനം. ഇരുനൂറോളം വളണ്ടിയർമാരാണ് ഇത്തവണ ജിദ്ദയിൽനിന്ന് സേവനത്തിനെത്തുകയെന്ന് വളണ്ടിയർ ടീം കോ-ഓർഡിനേറ്റർ കുട്ടി മുഹമ്മദ് പറങ്ങോടത്ത് അറിയിച്ചു. ഹജ് വളണ്ടിയർ സേവനത്തിന്റെ മാധുര്യം എന്ന വിഷയത്തിൽ സാജിദ് പാറക്കൽ സംസാരിച്ചു. തുടർന്ന് ഹജ് സേവന പ്രവർത്തനങ്ങളുടെ മാർഗരേഖയും നിർദേശങ്ങളും എം മാപ്പ് റീഡിംഗ് ട്രെയിനിംഗും മുനീർ ഇബ്രാഹിം അവതരിപ്പിച്ചു. അസീബ് ഏലച്ചോലയുടെ ഖിറാഅത്തോട് കൂടി ആരംഭിച്ച പരിപാടിയിൽ കുട്ടി മുഹമ്മദ് സ്വാഗതം പറഞ്ഞു. തനിമ വെസ്‌റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് നജ്മുദ്ദീൻ അമ്പലങ്ങാടൻ സമാപന പ്രസംഗം നടത്തി. നമ്മുടെ പ്രവർത്തനങ്ങൾ സർവ ശക്തന്റെ പ്രീതി മാത്രം കാംക്ഷിച്ചുള്ളതാവണമെന്നും അല്ലാഹുവിന്റെ വിളിക്കുത്തരം നൽകാൻ എത്തിച്ചേർന്നിട്ടുള്ള ഹാജിമാർക്ക് അവരുടെ കർമം നിർവഹിക്കാൻ ആവശ്യമായ സേവനങ്ങളാണ് നൽകേണ്ടതെന്നും അദ്ദേഹം ഓർമപ്പെടുത്തി.