- ഫ്രാൻസ് ഃ ബെൽജിയം
- നാളെ രാത്രി 9.00, സെയ്ന്റ്പീറ്റേഴ്‌സ്ബർഗ്
യ്ന്റ്പീറ്റേഴ്‌സ്ബർഗ് - ഫ്രാൻസ്-ബെൽജിയം ആദ്യ സെമി ഗോളുൽസവമാവുമോ? ഇരുവശത്തും അണിനിരക്കുന്ന പ്രതിഭകളുടെ നീണ്ട നിരയും ചരിത്രവും പരിശോധിക്കുമ്പോൾ അതാണ് ആരാധകരുടെ ആഗ്രഹം. യൂറോപ്പിലെ അയൽക്കാരും ബദ്ധവൈരികളും അവസാനമായി ലോകകപ്പിൽ ഏറ്റുമുട്ടിയത് 1986 ലാണ്. ലൂസേഴ്‌സ് ഫൈനലിൽ ഫ്രാൻസ് 4-2 ന് ജയിച്ചു. അതിനു ശേഷം ടൂർണമെന്റുകളിൽ ഈ ടീമുകൾ മുഖാമുഖം വന്നിട്ടില്ല. മൂന്നു വർഷം മുമ്പ് പാരിസിലെ സ്റ്റെയ്ഡ് ദെ പ്രിൻസിൽ നടന്ന സൗഹൃദ മത്സരവും ഗോളുത്സവമായിരുന്നു. ആധിപത്യം പുലർത്തിയ ബെൽജിയം രണ്ടാം പകുതിയുടെ അഞ്ച് മിനിറ്റാവുമ്പോഴേക്കും മൂന്നു ഗോളിന് മുന്നിലെത്തി, 4-3 ന് ജയിക്കുകയും ചെയ്തു. 2002 ലെ ലോകകപ്പിന് മുമ്പ് ഫ്രാൻസ് ടീം അവരുടെ കാണികളുടെ മുമ്പിൽ ബെൽജിയത്തോട് 1-2 ന് തോറ്റത് വലിയ പരിഹാസമാണ് ക്ഷണിച്ചുവരുത്തിയത്. എന്നാൽ ഇത്തവണ ചരിത്രത്തിന്റെ ഭാരം അലട്ടാത്ത യുവനിരയാണ് ഫ്രാൻസിനെ പ്രതിനിധീകരിക്കുന്നത്.
പരിചയ സമ്പത്തില്ലാത്ത ഇരുപത്തിരണ്ടുകാരായ ബെഞ്ചമിൻ പവാഡിനെയും ലുക്കാസ് ഹെർണാണ്ടസിനെയും ഫുൾബാക്കുകളുടെ ചുമതലയേൽപിക്കാൻ കോച്ച് ദീദിയർ ദെഷോം തയാറായി. ബെൽജിയത്തിന്റെ പ്രതിഭാ സമ്പത്ത് ഉപയോഗപ്പെടുത്താനാവുന്നില്ലെന്നായിരുന്നു കോച്ച് റോബർടൊ മാർടിനേസിനെതിരായ പരാതി. സ്‌പെയിനിനോട് 0-2 ന് തോറ്റാണ് അദ്ദേഹം ചുമതലയാരംഭിച്ചത്. പിന്നീട് 24 കളികളിൽ തോൽവിയറിഞ്ഞില്ല. 78 ഗോളടിച്ചു. ലോകകപ്പ് പ്രി ക്വാർട്ടറിൽ ബെൽജിയം ജപ്പാനെതിരെ രണ്ട് ഗോളിന് പിന്നിൽ നിൽക്കെ രണ്ട് വിംഗർമാരെ മാറ്റി രണ്ട് മിഡ്ഫീൽഡർമാരെ മാർടിനെസ് ഇറക്കിയത് വൻ വിജയമായി. പകരക്കാരായിറങ്ങിയ മർവാൻ ഫെലയ്‌നിയും നാസർ ഷാദ്‌ലിയും സ്‌കോർ ചെയ്യുകയും ചെയ്തു.
രണ്ട് മികച്ച ഗോൾ കീപ്പർമാരാണ് ഗോൾവല കാക്കുക. ഹ്യൂഗൊ ലോറിസ് മികച്ച ഗോളിയാണെങ്കിലും അബദ്ധങ്ങൾ കാണിക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ ക്വാർട്ടർ ഫൈനലിൽ ഉറുഗ്വായ്‌ക്കെതിരെ മിന്നുന്ന ഫോമിലായിരുന്നു ഫ്രഞ്ച് ഗോളി. ബെൽജിയത്തിന്റെ അതികായന്മാരായ വിൻസന്റ് കോമ്പനിയുടെയും യാൻ വെർടോംഗന്റെയും ഹെഡിംഗ് ലോറീസിന് വലിയ വെല്ലുവിളിയായിരിക്കും. ബ്രസീലിനെതിരായ ക്വാർട്ടറിൽ ബെൽജിയം ഗോൾമുഖത്ത് തിബൊ കോർട്‌വയും പ്രതാപത്തിനൊത്ത പ്രകടനം കാഴ്ചവെച്ചു.
തോമസ് മൂനീറിന്റെ സസ്‌പെൻഷൻ ബെൽജിയത്തിന് ക്ഷീണമാണ്. അതിവേഗം നീങ്ങുന്ന ജപ്പാൻ കളിക്കാർക്കെതിരെ ബെൽജിയത്തിന്റെ പ്രതിരോധം ചിതറിയിരുന്നു. ഫ്രാൻസിന് പ്രതീക്ഷ നൽകുന്നത് അതാണ്.