കാസർകോട്- കരിന്തളം ഗവ. കോളേജിൽ വ്യാജരേഖ ഹാജരാക്കി അധ്യാപികയായി ജോലി ചെയ്ത കേസിൽ മുൻ എസ്.എഫ്.ഐ നേതാവ് തൃക്കരിപ്പൂർ മണിയനോടി സ്വദേശിനി കെ വിദ്യയെ കസ്റ്റഡിയിൽ കിട്ടുന്നതിന് നീലേശ്വരം പോലീസ് നാളെ തന്നെ കോടതിയിൽ അപേക്ഷ നൽകും. അഗളി പോലീസ് മണ്ണാർക്കാട് കോടതിയിൽ വിദ്യയെ ഹാജരാക്കിയാൽ പിന്നാലെ തന്നെ നീലേശ്വരം കേസിലും കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്ന് അന്വേഷണം നടത്തുന്ന ഇൻസ്പെക്ടർ കെ.പ്രേംസദൻ പറഞ്ഞു.
കരിന്തളം കോളേജിൽ നൽകിയ രേഖകളുടെ പരിശോധനയും ഒപ്പുകൾ ശേഖരിച്ചു പരിശോധനക്ക് അയക്കുന്നതിനും ചോദ്യം ചെയ്യുന്നതിനും വിദ്യയെ കസ്റ്റഡിയിൽ കിട്ടണമെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ അഗളി പേലീസിനൊപ്പം നീലേശ്വരം പോലീസും വിദ്യയെ അറസ്റ്റ് ചെയ്യുന്നതിന് പിന്നാലെ തന്നെയുണ്ടായിരുന്നു. സ്ഥിരമായി ബന്ധുക്കളെയും സുഹൃത്തുക്കളെയും കോഴിക്കോട്ടെ സുഹൃത്തിന്റെ ഫോൺ നമ്പറിൽ നിന്ന് വിദ്യ വിളിക്കുന്നതായി നീലേശ്വരത്തെ അന്വേഷണ സംഘത്തിനും സൂചന കിട്ടിയിരുന്നു. വിദ്യ വീട്ടിൽ എത്താൻ സാധ്യതയുണ്ടെന്ന് അറിഞ്ഞ പോലീസ് ഇന്നലെ വൈകുന്നേരം വിദ്യയുടെ തൃക്കരിപ്പൂർ മണിയനോടിയിലെ വീട്ടിലും പരിസരങ്ങളിലും അന്വേഷണം നടത്തിയിരുന്നു. അഗളി പോലീസ് വിദ്യയെ പിടികൂടിയ വിവരം അറിഞ്ഞ ശേഷമാണ് പോലീസ് സംഘം വീടിന്റെ പരിസരത്ത് നിന്ന് മടങ്ങിയത്. ഒളിവിൽ കഴിഞ്ഞിരുന്ന 15 ദിവസവും ഈ ഫോണിൽ നിന്ന് വിദ്യ വീട്ടുകാരെ വിളിച്ചിരുന്നു. ഈ നമ്പറിന്റെ ടവർ ലൊക്കേഷൻ ശേഖരിച്ചായിരുന്നു നീലേശ്വരം പോലീസും നീങ്ങിയിരുന്നത്. കരിന്തളം കേസിൽ കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ വിദ്യ നൽകിയത് കഴിഞ്ഞ ദിവസമായിരുന്നു. കാഞ്ഞങ്ങാട്ടെ അഭിഭാഷക രജിത മുഖാന്തിരമാണ് വിദ്യ ജാമ്യാപേക്ഷ നൽകിയത്. വിദ്യയുടെ ജാമ്യാപേക്ഷ ജൂൺ 23 ന് കോടതി പരിഗണിക്കാൻ മാറ്റിവെച്ചിരിക്കുകയാണ്. അവിവാഹിതയാണെന്നും ആ പരിഗണന നൽകണമെന്നും വിദ്യയുടെ ജാമ്യ ഹരജിയിൽ പറഞ്ഞിരുന്നു. ജാമ്യം നിഷേധിക്കേണ്ട തരത്തിലുള്ള കുറ്റം ചെയ്തിട്ടില്ലെന്നും ഹരജിയിലുണ്ട്. വിദ്യ എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ ഒപ്പും സീലും വ്യാജമായുണ്ടാക്കി കരിന്തളം കോളേജിൽ അഭിമുഖത്തിന് ഹാജരായി അധ്യാപികയായി ജോലി ചെയ്തുവെന്നാണ് കേസ്. കരിന്തളം കോളേജ് പ്രിൻസിപ്പലിന്റെ പരാതിയിലാണ് വിദ്യക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തിരുന്നത്. നീലേശ്വരം പോലീസ് മഹാരാജാസ് കോളേജിൽ പോയി തെളിവുകൾ ശേഖരിച്ചിരുന്നു.