കോഴിക്കോട്- ഹജ്, പെരുന്നാൾ ഉൾപ്പെടെയുള്ള ആഘോഷ ദിനങ്ങളിൽ സ്വദേശത്ത് കുടുംബങ്ങളുമായി ഒത്തുചേരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് നാട്ടിലേക്കുള്ള യാത്ര ക്ലേശകരമാക്കുന്ന നടപടിയാണ് വിമാന കമ്പനികളുടെ ടിക്കറ്റ് ചാർജ് വർദ്ധനയെന്ന് നാഷണൽ പ്രവാസി ലീഗ് ഭാരവാഹികൾ ആരോപിച്ചു. കാലങ്ങളായി ആഘോഷ സീസണുകളിൽ വിമാന കമ്പനികൾ ടിക്കറ്റ് ചാർജ് വർദ്ധിപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുന്നത് തുടരുകയാണ്. പ്രവാസി സമൂഹത്തിന്റെ പ്രതിഷേധങ്ങളെ ബന്ധപ്പെട്ടവർ ഇതുവരെ മുഖവിലക്കെടുത്തിട്ടില്ലെന്നതിന്റെ തെളിവുകൂടിയാണ് ഇത്തവണത്തെ കഴുത്തറുപ്പൻ വിമാന ചാർജ് വർദ്ധന. മുൻ കാലങ്ങളെക്കാൾ പത്ത് മടങ്ങ് വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്, ഇത് പ്രവാസി സമൂഹത്തോടുള്ള വെല്ലുവിളി കൂടിയാണെന്നും ചാർജ് വർദ്ധന പിൻവലിക്കാൻ സർക്കാറുകളുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും സംസ്ഥാന പ്രസിഡന്റ് കുഞ്ഞാവുട്ടി ഖാദർ, ജനറൽ സെക്രട്ടറി അബ്ദുല്ല കോയ, ട്രഷറർ എൻ.എം. അബ്ദുല്ല എന്നിവർ സംയുക്ത വാർത്താ കുറിപ്പിൽ അറിയിച്ചു.