Sorry, you need to enable JavaScript to visit this website.

എറണാകുളത്ത് ആധുനിക കെ.എസ്.ആർ.ടി.സി സ്റ്റാന്റ്; 12 കോടി രൂപ അനുവദിച്ചു

പുതിയ സ്റ്റാന്റിന്റെ രൂപരേഖ

കൊച്ചി- എറണാകുളത്ത് പുതിയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് നിർമിക്കുന്നതിന് കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സ്മാർട്ട് സിറ്റി മിഷനിൽ നിന്നും 12 കോടി രൂപ അനുവദിച്ചു. 50 കോടി രൂപയാണ് സ്റ്റാന്റ് നവീകരണത്തിനായി ജനപ്രതിനിധികൾ സ്മാർട്ട് സിറ്റി ഡയറക്ടർ ബോർഡിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 12 കോടി രൂപയാണ് നിലവിൽ അനുവദിച്ചിട്ടുള്ളതെന്ന് ഹൈബി ഈഡൻ എം.പി അറിയിച്ചു.
കെ.എസ്.ആർ.ടി.സിയും പ്രൈവറ്റ് ബസുകളും സംയോജിച്ചുള്ള ഒരു ബസ് സ്റ്റാന്റാണ് രൂപപ്പെടുന്നത്. നിലവിൽ കാരിക്കാമുറി ഭാഗത്താണ് 12 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുക. കേരള കൺസ്ട്രക്ഷൻ കോർപറേഷനാണ് പദ്ധതി നടപ്പിലാക്കുക. ഇപ്പോൾ കെ.എസ്.ആർ.ടി.സി സ്റ്റാന്റ് നിലനിൽക്കുന്ന പ്രദേശം പിന്നീട് മൊബൈലിറ്റി ഹബ് വികസിപ്പിക്കും. സ്റ്റാന്റിലെ നാല് ഏക്കർ ഭൂമി വൈറ്റില മൊബൈലിറ്റി ഹബിനും മൂന്ന് ഏക്കർ ഭൂമി മൊബൈലിറ്റി ഹബ് കെ.എസ്.ആർ.ടി.സി സ്റ്റാന്റിനും നൽകും.
ഇന്ത്യയിലെമ്പാടുമുള്ള സ്മാർട്ട് സിറ്റി പദ്ധതികളുടെ സമയപരിധി അവസാനിക്കുന്ന ഒരു സാഹചര്യം നിലവിലുണ്ടായിരുന്നു. അർബൻ ഡെവലപ്‌മെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി അംഗം എന്ന നിലയിൽ വിഷയം നിരന്തരമായി കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വന്നതിന്റെ അടിസ്ഥാനത്തിൽ 2024 ജൂൺ വരെ സ്മാർട്ട് സിറ്റി പദ്ധതിയുടെ സമയപരിധി നീട്ടി നൽകിയിരിക്കുകയാണെന്നും ഹൈബി പറഞ്ഞു.
എറണാകുളം പോലൊരു നഗരത്തിന് ഒട്ടും ചേർന്ന തരത്തിലുള്ള ഒരു ബസ് സ്റ്റാന്റായിരുന്നില്ല കെ.എസ്.ആർ.ടി.സിയുടേത്. എം.എൽ.എ ആയ കാലം മുതൽ പുതിയ കെ.എസ്.ആർ.ടി.സി സ്റ്റാന്റിന് വേണ്ടിയുള്ള പരിശ്രമങ്ങൾ നടത്തി വരികയാണ്. സ്മാർട്ട് സിറ്റിയുടെ എ.ബി.ഡി ഏരിയയിൽ പ്രൊപ്പോസ് ചെയ്തിരുന്ന 166 കോടി രൂപയുടെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പദ്ധതി നടപ്പിലാക്കാൻ കഴിയാത്തത് മൂലമാണ് പാൻ സിറ്റി പദ്ധതിയുടെ ഭാഗമായി സ്റ്റാന്റ് നവീകരണം നടപ്പിലാക്കുന്നത്. ഇതേ പദ്ധതി പ്രകാരം തന്നെയാണ് മഹാരാജാസ് കോളേജിലെ ആസ്‌ട്രോ ടർഫും പി.ജെ. ആന്റണി ഗ്രൗണ്ട് നവീകരണവും എല്ലാം നടപ്പിലായത്. എറണാകുളം എം.എൽ.എ ടി.ജെ. വിനോദും കൊച്ചി മേയർ അഡ്വ എം. അനിൽകുമാറും പദ്ധതിയ്ക്ക് പരിപൂർണ പിന്തുണയുമായി രംഗത്തുണ്ടെന്നും ഹൈബി പറഞ്ഞു. 

Latest News