തിരൂർ-മലപ്പുറം തിരൂരിൽ കൊലക്കേസ് പ്രതിയെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് വില്ലുപുരം സ്വദേശി മുബാറക്ക് എന്ന അണ്ണൻ ബാബുവിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തിരൂർ ബസ് സ്റ്റാൻഡിന് സമീപം തുണിക്കടയുടെ വരാന്തയിൽ കിടന്നുറങ്ങിയിരുന്ന പറവണ്ണ സ്വദേശി ആദമിനെ(43) തലയ്ക്ക് ചെങ്കല്ലു കൊണ്ടിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം.
മുബാറക്കും കൊല്ലപ്പെട്ട ആദമും തമ്മിൽ സ്ഥിരമായി വഴക്കിടാറുണ്ട്. കൊല്ലപ്പെടുന്നതിന്റെ തലേന്നും പ്രതിയും ആദമും തിരൂർ ബീവറേജ് ഔട്ട്ലെറ്റിന് മുന്നിൽവച്ചും ശേഷം സെൻട്രൽ ജംഗ്ഷനിൽ വെച്ചും വഴക്കുകൂടിയിരുന്നു. അതിന്റെ വിരോധത്തിലാണ് ആദമിനെ കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ റോഡരികിൽ ഇറക്കിവച്ചിരുന്ന ചെങ്കല്ല് കൂട്ടത്തിൽ നിന്നു കനമുള്ള ഒരു കല്ലെടുത്ത് തുണിക്കടയുടെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന ആദമിന്റെ തലയിലിടുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം മുബാറക്ക് വില്ലുപുരത്തേക്ക് പോയി. അന്വേഷണത്തിൽ മുബാറക്ക് വില്ലുപുരത്തേക്ക് കടന്നതായി വിവരം ലഭിച്ചതിനെത്തുടർന്നു പോലീസ് അവിടെയെത്തി പ്രതിയെ പിടൂകൂടുകയായിരുന്നു.
തിരൂർ ഡി.വൈ.എസ്.പി കെ.എം. ബിജു, സി.ഐ എം.ജെ.ജിജോ, എസ്ഐ പ്രദീപ്, മറ്റു അന്വേഷണദ്യോഗസ്ഥരായ പ്രമോദ്, രാജേഷ്, ജയപ്രകാശ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുത്തു. തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഓട്ടോഡ്രൈവറെ കുത്തിക്കൊന്ന കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട ആദം. 2016ൽ ട്രിപ്പ് വിളിച്ചിട്ട് ഓടാൻ തയാറാകാത്ത പറവണ്ണയിലെ മുഹമ്മദ് യാസീൻ എന്ന ഓട്ടോ ഡ്രൈവറെ ആദമും സഹോദരൻ നൗഷാദും ചേർന്ന് കൊലപ്പെടുത്തിയിരുന്നു. ഓട്ടോയും തകർത്തു. വീട്ടിലും ശല്യക്കാരനായ ആദമിനെതിരെ മാതാവ് തിരൂർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് നേരത്തേ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ആദം. തിരൂർ നഗരത്തിലെ നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും ബസ് സ്റ്റാൻഡിലെ ഓട്ടോതൊഴിലാളികളിൽ നിന്നും ചില ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നും ലഭിച്ച വിവരങ്ങളുമാണ് പ്രതിയെ പിടികൂടുന്നതിൽ സഹായകമായത്. രാത്രിസമയത്ത് ഓന്ന ഓട്ടോ തൊഴിലാളികളും അസമയത്ത് കറങ്ങി നടന്നിരുന്ന ആളുകളുമടക്കം നൂറോളം പേരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്.