Sorry, you need to enable JavaScript to visit this website.

ഭാര്യ മരിച്ച പ്രവാസിയെ സ്‌പോണ്‍സര്‍ നാട്ടിലയച്ചില്ല; ഒടുവില്‍ ഇന്ത്യന്‍ എംബസി ഇടപെട്ട് എക്‌സിറ്റ് നല്‍കി

റിയാദ്- ഭാര്യ മരിച്ചിരിക്കുന്നുവെന്നും അവളുടെ മൃതദേഹം കാണാന്‍ നാട്ടിലയക്കണമെന്നും കേണപേക്ഷിച്ചിട്ടും നാട്ടിലയക്കാത്ത സ്‌പോണ്‍സര്‍ക്കെതിരെ ഒഡീഷ സ്വദേശി ഇന്ത്യന്‍ എംബസിയെ സമീപിച്ചു. സ്‌പോണ്‍സറില്‍ നിന്ന് അനുകൂല സമീപനം ഉണ്ടാവാത്തതിനെ തുടര്‍ന്ന് തര്‍ഹീലില്‍ നിന്ന് എക്‌സിറ്റടിച്ചു നല്‍കി എംബസി ഇദ്ദേഹത്തെ നാട്ടിലയച്ചു.
എട്ട് മാസം മുമ്പാണ് ഒഡീഷ ഭുവനേശ്വര്‍ സ്വദേശി അഭിമന്യു (42) ട്രക്ക് ഡ്രൈവര്‍ വിസയില്‍ റിയാദിലെ സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെത്തുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച്ച അദ്ദേഹത്തിന്റെ ഭാര്യ സീത സമന്തറായ് നാട്ടില്‍ മരിച്ചു. അവസാനമായി ഭാര്യയെ ഒരു നോക്കു കാണാനായി നാട്ടില്‍ പോവാന്‍ തന്റെ സ്‌പോണ്‍സറോട് അനുവാദം ചോദിച്ചപ്പോള്‍ അനുവാദം നല്‍കിയില്ലെന്ന് മാത്രമല്ല സ്‌പോണ്‍സര്‍ ഇയാളെ ദേഹോപദ്രവം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും  ചെയ്തു. തുടര്‍ന്ന് നാട്ടില്‍ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ എംബസി ഇക്കാര്യത്തില്‍ ഇടപ്പെടുകയായിരുന്നു.
എംബസി പ്രവാസി വെല്‍ഫയര്‍ ജീവകാരുണ്യ പ്രവര്‍ത്തകനായ നിഹ്മത്തുല്ലയെ സ്‌പോണ്‍സറുമായി സംസാരിക്കാന്‍ നിയോഗിച്ചു. വളരെ മോശമായ രീതിയിലാണ് സ്‌പോണ്‍സര്‍ പ്രതികരിച്ചത്. യാതൊരു തരത്തിലും നാട്ടിലേക്ക് പോകുവാനുള്ള അനുവാദം നല്‍കിയില്ല. കരാര്‍ പ്രകാരമുള്ള രണ്ടു വര്‍ഷം കഴിയാതെ വിടില്ലെന്ന ഉറച്ച നിലപാടെടുത്തു. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയിലേക്ക് അദ്ദേഹത്തെ വിളിച്ച് വരുത്തുകയും എംബസി അധികൃതര്‍ നേരിട്ട് സംസാരിച്ചിട്ടും സ്‌പോണ്‍സറിന്റെ നിലപാടില്‍ മാറ്റമുണ്ടായില്ല. പിന്നീട് എംബസി അധികൃതര്‍ വിസ നല്‍കിയ ഏജന്റുമായി ബന്ധപ്പെട്ട് കാര്യങ്ങളുടെ ഗൗരവം അറിയിച്ചു.
എട്ട് മാസം മുന്‍പ് റിയാദിലെത്തിയ അഭിമന്യുവിന്ന് ഇത് വരെ ഇഖാമ നല്‍കിയിട്ടില്ലായിരുന്നു കൂടാതെ മൂന്നു മാസത്തോളമായി ശമ്പളവും തടഞ്ഞ് വെച്ചിരിക്കുകയാണ്. ഈ കാര്യങ്ങളെല്ലാം വിശദീകരിച്ച് ഏജന്റിനെ അറിയിച്ചപ്പോള്‍ സ്‌പോണ്‍സര്‍ ശമ്പളം നല്‍കുന്ന വീഡിയോ ഏജന്റിന് അയച്ച് കൊടുത്തു. എന്നാല്‍ വീഡിയോ തന്നെ ഭീഷണിപ്പെടുത്തി ചെയ്യിച്ചതാണെന്നും ചിത്രീകരണത്തിന്ന് ശേഷം നല്‍കിയ ശമ്പളം പിടിച്ച് വാങ്ങുകയും ചെയ്തതായി അഭിമന്യു എംബസി അധികൃതരെ അറിയിച്ചു. തുടര്‍ന്ന് സ്‌പോണ്‍സറിന്റെ ഉപദ്രവം രൂക്ഷമായപ്പോള്‍ ഇന്ത്യന്‍ എംബസി അധികൃതരുടെ നിര്‍ദ്ദേശപ്രകാരം സ്‌പോണ്‍സറുടെയടുത്ത് നിന്നിറങ്ങി എംബസിയില്‍ അഭയം തേടി. തുടര്‍ന്ന് തര്‍ഹീല്‍ വഴി എക്‌സിറ്റ് അടിച്ച് ഇന്ന് നാട്ടിലേക്ക് പോകുവാന്‍ എംബസി അധികൃതര്‍ വഴിയൊരുക്കി.
ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി ലേബര്‍ അറ്റാചെ ഭഗവാന്‍ മീന,  ഓഫിസര്‍മാരായ ശറഫുദ്ദീന്‍, നസീം തുടങ്ങിയവരാണ് എംബസിയുടെ ഭാഗത്ത് നിന്ന് നിയമപരമായ സഹായങ്ങള്‍ നല്‍കിയത്. കൂടാതെ അഭിമന്യുവിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഹോട്ടല്‍ സൗകര്യവും മുംബൈ നിന്നും ഭുവനേശ്വര്‍ വരെയുള്ള എയര്‍ ടിക്കറ്റും നല്‍കി. പ്രവാസി വെല്‍ഫയര്‍ പ്രവര്‍ത്തകരായ ശിഹാബ് കുണ്ടൂര്‍, ബഷീര്‍ പാണക്കാട് തുടങ്ങിയവരാണ് വിവിധ ഘട്ടങ്ങളില്‍ സഹായത്തിനുണ്ടായിരുന്നത്.

Latest News