തമിഴ്നാട് രാഷ്ട്രീയം കലങ്ങുമ്പോൾ അതിൽ നേട്ടം കൊയ്യാൻ കഴിയാത്ത അവസ്ഥയിലാണ് പ്രധാന പ്രതിപക്ഷമായ അണ്ണാ ഡി.എം.കെ. ജയലളിതയുടെ കാലത്ത് നടന്ന അഴിമതിയിലാണ് ബാലാജി ഇപ്പോൾ അറസ്റ്റിലായത്. ഇതിൽ വാസ്തവത്തിൽ സ്റ്റാലിൻ ഇത്രയേറെ ധാർമിക രോഷം കൊള്ളേണ്ട കാര്യമുണ്ടോയെന്ന് ചോദിക്കുന്നവരുണ്ട്.
പ്രധാനമന്ത്രി മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കിണഞ്ഞു പരിശ്രമിച്ചിട്ടും കർണാടകയിൽ ബി.ജെ.പി കനത്ത തിരിച്ചടിയാണ് നേരിട്ടത്. തെക്കേ ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിലൊന്നായ കർണാടക കൈമോശം വന്നത് കനത്ത നഷ്ടം തന്നെയാണ്. ഉത്സാഹികൾ വിശ്രമിക്കാറില്ല എന്നു പറയാറുള്ളത് പോലെ പ്രതീക്ഷകൾ കൈവെടിയാതെ കേന്ദ്രത്തിലെ രണ്ടാമൻ വീണ്ടും തമിഴകം ലക്ഷ്യമാക്കി എത്തിയത് പിന്നിട്ട വാരത്തിൽ. കളി തമാശയല്ല, 39 ലോക്‌സഭ മണ്ഡലങ്ങളാണുള്ളത്.
ഇപ്പോഴാണെങ്കിൽ കൂട്ടിന് ആരുമില്ല. എ.ഐ.എ.ഡി.എംകെയുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഒറ്റക്ക് തമിഴ്‌നാട്ടിലെ 25 സീറ്റുകൾ പിടിച്ചടക്കുമെന്നൊക്കെ പറയുന്നുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമെന്നത് അനന്തപുരിയിലെ നോൺ വെജ് ഹോട്ടലിൽ നിന്ന് ബീഫ് ബിരിയാണി വാങ്ങി കഴിക്കുകയെന്നതല്ല. എം.ജി.ആർ, രജനികാന്ത് പടങ്ങളിൽ കണ്ടത് പോലെ തിന്മയെ വേരോടെ പിഴുതെറിയുകയാണ് സ്റ്റാലിൻ.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വന്നിറങ്ങിയ സമയത്ത് ചെന്നൈ വിമാനത്താവളത്തിന് പുറത്തെ സ്ട്രീറ്റ് ലൈറ്റുകൾ ഓഫായത് ഏറെ കോലാഹലമുണ്ടാക്കി. ഇതിലെ രാഷ്ട്രീയ വിവാദം കത്തിനിൽക്കവേയാണ് എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിലെ ഉദ്യോഗസ്ഥർ തമിഴ്‌നാട് സെക്രട്ടറിയേറ്റിൽ ഉൾപ്പെടെ പരിശോധന നടത്തിയത്. വൈകാതെ വൈദ്യുതി വകുപ്പ് മന്ത്രി സെന്തിൽ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്തു. അമിത് ഷാ വന്നപ്പോൾ വൈദ്യുതി പോയത് സുരക്ഷ വീഴ്ചയെന്ന് സംസ്ഥാന ബി.ജെ.പി ഘടകം ആരോപിച്ചപ്പോൾ ഡി.എം.കെ വക്താവ് ഇളങ്കോവൻ അത് തള്ളിക്കളഞ്ഞിരുന്നു.
230 കെ.വി ഹൈടെൻഷൻ ലൈനിലുണ്ടായ തകരാറാണ് വൈദ്യുതി തടസ്സത്തിന് കാരണമെന്ന് പിന്നീട് തമിഴ്നാട് വൈദ്യുതി ബോർഡ് അറിയിച്ചിരുന്നു. വി.ഐ.പി സന്ദർശന വേളയിൽ ഒരു കാരണവശാലും വൈദ്യുതി മുടങ്ങരുതെന്ന് ബോർഡ് സർക്കുലർ പുറപ്പെടുവിക്കുകയും ചെയ്തു. അമിത് ഷായുടെ സന്ദർശനവും പവർകട്ടും ബന്ധപ്പെടുത്തി ആരോപണങ്ങളുണ്ടെങ്കിലും സെന്തിൽ ബാലാജിയുടെ അറസ്റ്റുമായി ഈ സംഭവത്തിന് ബന്ധമില്ല. അമിത് ഷാ ഏറ്റവുമൊടുവിൽ ചെന്നൈയിൽ വരുന്നതിനു മുമ്പു തന്നെ ഇ.ഡി സെന്തിൽ ബാലാജിയെ നോട്ടമിട്ടിരുന്നു.
ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോൾ ഗതാഗത മന്ത്രിയായിരുന്ന സെന്തിൽ ബാലാജി അന്ന് സർക്കാർ നിയമനങ്ങൾക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും വൻതുക ഈടാക്കിയെന്ന ആരോപണത്തെക്കുറിച്ചുള്ള അന്വേഷണമാണ് അറസ്റ്റിൽ കലാശിച്ചത്.
അണ്ണാ ഡി.എം.കെയിലൂടെ 1997 ലാണ് സെന്തിൽ സജീവ രാഷ്ട്രീയത്തിലെത്തിയത്. ജയലളിതയുടെ പ്രീതി നേടി മന്ത്രിയായി. ജയലളിതയുടെ മരണശേഷം ദിനകരൻ പക്ഷത്തിനൊപ്പം ചേർന്നതോടെ ഔദ്യോഗിക വിഭാഗത്തിന്റെ ശത്രുവായി. 2017 സെപ്റ്റംബറിൽ സെന്തിൽ ഉൾപ്പെടെ 18 എം.എൽ.എമാരെ അയോഗ്യരാക്കി. കോയമ്പത്തൂരും കരൂരും ഉൾപ്പെടുന്ന കൊങ്കുനാട്ടിൽ സ്വാധീനം ഉറപ്പിക്കൽ ലക്ഷ്യമിട്ട് സ്റ്റാലിൻ സെന്തിലിനെ ഡി.എം.കെയിലേക്ക് ക്ഷണിച്ചു. 2018 ഡിസംബർ 14 ന് സ്റ്റാലിന്റെ സാന്നിധ്യത്തിൽ സെന്തിൽ ഡി.എം.കെയിൽ ചേർന്നു. ഉടൻ തന്നെ പാർട്ടിയുടെ കരൂർ ജില്ല സെക്രട്ടറി സ്ഥാനവും സെന്തിലിന് ലഭിച്ചു. ഉപതെരഞ്ഞടുപ്പിലൂടെ വീണ്ടും നിയമസഭയിലെത്തി. 2021 ലെ വിജയം തുടർച്ചയായി അഞ്ചാമത്തേതായിരുന്നു. എക്സൈസ്, വൈദ്യുതി വകുപ്പ് മന്ത്രിയായി. നിലവിൽ കോയമ്പത്തൂർ ജില്ലയുടെ ചുമതലയുള്ള മന്ത്രിയാണ്. ഗൗണ്ടർ സമുദായാംഗമാണ് സെന്തിൽ. അണ്ണാ ഡി.എം.കെ അധ്യക്ഷനും മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഇതേ സമുദായത്തിൽ പെട്ടവരാണ്. ഡി.എം.കെ വിരുദ്ധരായ സമുദായത്തെ ആ പാർട്ടിക്ക് അനുകൂലമാക്കിയതിൽ സെന്തിലിന്റെ പങ്ക് പ്രധാനമാണ്. വ്യവസായ മേഖലയായ കരൂരിലും കോയമ്പത്തൂരിലും സെന്തിലിനുള്ള ബന്ധം ഡി.എം.കെക്കുള്ളിൽ അദ്ദേഹത്തിന്റെ സ്വാധീനം വർധിപ്പിച്ചു.
2014 നവംബറിലാണ് സർക്കാർ നിയന്ത്രണത്തിലുള്ള മെട്രോ പൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് പരസ്യം ചെയ്തത്. 764 ഡ്രൈവർമാരുടെയും 610 കണ്ടക്ടർമാരുടെയും 261 ജൂനിയർ ട്രേഡ്സ്മാൻമാരുടെയും 13 ജൂനിയർ എൻജിനീയർമാരുടെയും 40 അസിസ്റ്റന്റ് എൻജിനീയർമാരുടെയും ഒഴിവിലേക്കാണ് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചത്. ആദ്യ പരാതി ഉയരുന്നത് 2015 ഒക്ടോബറിൽ. മകന് ജോലി ലഭിക്കാൻ ഒരു കണ്ടക്ടർക്ക് 2.60 ലക്ഷം കൊടുത്തെന്ന് വെളിപ്പെടുത്തി ദൈവസഹായം എന്നയാൾ പരാതി നൽകി. ഈ പരാതിയിൽ അന്നത്തെ ഗതാഗത മന്ത്രി സെന്തിൽ ബാലാജിയെപ്പറ്റി പരാമർശമൊന്നും ഉണ്ടായിരുന്നില്ല. പിന്നാലെ ഗോപി എന്നയാളും സെന്തിലുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന രണ്ടുപേർക്ക് 2.40 ലക്ഷം രൂപ കോഴ നൽകിയെന്ന പരാതിയുമായി രംഗത്തെത്തി. കോഴ നൽകിയിട്ടും ജോലി കിട്ടിയില്ലെന്നായിരുന്നു പരാതി. ഇതിൽ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ഗോപി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ആദ്യഘട്ടത്തിൽ ഹൈക്കോടതി ഹരജി തള്ളുകയാണുണ്ടായത്. ഗോപി നിയമയുദ്ധം തുടർന്നു. ഗോപിയുടെ ഹരജി പരിഗണിച്ച കോടതി കേസിൽ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ മന്ത്രിയെയും ബന്ധുക്കളെയും ഒഴിവാക്കി 12 പേരെയാണ് അന്വേഷണ സംഘം കുറ്റക്കാരെന്ന് കണ്ടെത്തിയത്. എന്നിട്ടും വിവാദങ്ങൾ അടങ്ങിയില്ല. കൂടുതൽ പരാതികൾ ഉയർന്നുവന്നു. ഉദ്യോഗാർഥികളിൽനിന്ന് 95 ലക്ഷം രൂപ പിരിച്ചെടുക്കണമെന്ന് ബാലാജിയും മറ്റു മൂന്നുപേരും നിർദേശിച്ചെന്നാരോപിച്ച് വി. ഗണേഷ് കുമാർ എന്നയാൾ രംഗത്തെത്തി. പണം പിരിച്ചെങ്കിലും ആർക്കും ജോലി കിട്ടിയില്ലെന്നും പണം തിരികെ നൽകിയില്ലെന്നും അയാൾ ആരോപിച്ചിരുന്നു. ഉദ്യോഗാർത്ഥികളിൽനിന്ന് 40 ലക്ഷം പിരിച്ചെടുത്ത് മന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റിനെ ഏൽപിച്ചെന്ന ആരോപണവുമായി കെ.അരുൾമണി എന്നയാളും രംഗത്തെത്തി. ഈ പരാതികളിൽ അന്വേഷണം നടന്നെങ്കിലും ഉദ്യോഗസ്ഥർ അഴിമതി നിരോധന നിയമം ചുമത്തിയില്ല.
ബാലാജിയുടെ അറസ്റ്റിന് പിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. നാൻ തിരിപ്പിയടിച്ചാൽ, ഉങ്കളാൽ താങ്ക മുടിയാത് എന്ന് ബി.ജെ.പിയെ വെല്ലുവിളിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഭയപ്പെടുത്താനാണ് ശ്രമമെങ്കിൽ പ്രത്യാഘാതം ബി.ജെ.പിക്ക് താങ്ങാൻ സാധിക്കില്ലെന്നും ഇതൊരു ഭീഷണിയല്ല മുന്നറിയിപ്പാണെന്നും സ്റ്റാലിൻ പറഞ്ഞു.
എ.ഐ.എ.ഡി.എം.കെ നേതാക്കൾക്കെതിരായ അഴിമതി പരാതികളിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. 'എ.ഐ.എ.ഡി.എം.കെ നേതാക്കളുടെ അഴിമതിക്ക് ഞങ്ങൾ തെളിവ് നൽകാം. ഇവരുടെ സ്ഥലങ്ങളിലും ഇ.ഡി പരിശോധന നടത്തുമോ? 2021 വരെ എ.ഐ.എ. ഡി.എം.കെയായിരുന്നു തമിഴ്‌നാട്ടിൽ അധികാരത്തിൽ ഉണ്ടായിരുന്നത്. അവർ എന്തുകൊണ്ടാണ് സെന്തിലിനെതിരെ നടപടിയെടുക്കാതിരുന്നത്? ഡി.എം.കെ മുൻകാലങ്ങളിലും കടുത്ത വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. ഈ സാഹചര്യത്തെയും ഞങ്ങൾ മറികടക്കും. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 40 സീറ്റിൽ വിജയിക്കുകയും ചെയ്യും -സ്റ്റാലിൻ പറഞ്ഞു.
സെന്തിൽ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്തതിന് തിരിച്ചടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രഖ്യാപിച്ചതിന് പിന്നാലെ ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.ജി. സൂര്യ അറസ്റ്റിലായതും ശ്രദ്ധേയമാണ്.
ജാതിസംഘർഷത്തിനിടയാക്കുന്ന വ്യാജ വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ മധുര ജില്ല സൈബർ പോലീസ് വെള്ളിയാഴ്ച രാത്രി 11.15 ഓടെ ചെന്നൈയിലെ വസതിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ സൂര്യയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
തമിഴ്‌നാട് രാഷ്ട്രീയം കലങ്ങുമ്പോൾ അതിൽ നേട്ടം കൊയ്യാൻ കഴിയാത്ത അവസ്ഥയിലാണ് പ്രധാന പ്രതിപക്ഷമായ അണ്ണാ ഡി.എം.കെ. ജയലളിതയുടെ കാലത്ത് നടന്ന അഴിമതിയിലാണ് ബാലാജി ഇപ്പോൾ അറസ്റ്റിലായത്. ഇതിൽ വാസ്തവത്തിൽ സ്റ്റാലിൻ ഇത്രയേറെ ധാർമിക രോഷം കൊള്ളേണ്ട കാര്യമുണ്ടോയെന്ന് ചോദിക്കുന്നവരുണ്ട്. എ.ഐ.എ.ഡി.എം.കെ ഭരിച്ച വേളയിൽ സെന്തിൽ ബാലാജിയുടെ അഴിമതിക്കെതിരെ പ്രതിപക്ഷ നിരയിൽ നിന്ന് ഏറ്റവും ശക്തമായി പ്രതികരിച്ചത് സ്റ്റാലിനായിരുന്നു.