തിരുവനന്തപുരം- ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ ജി.എൻ.പി.സി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) അഡ്മിൻ അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യം തേടി. അതേസമയം എക്‌സൈസ് വകുപ്പ് ഗ്രൂപ്പിനെതിരെ നിലപാട് കടുപ്പിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നുവെന്നതിന്റെ പേരിൽ എക്‌സൈസ് കേസെടുത്തതിനെ തുടർന്നാണ് കൂട്ടായ്മയിലെ അഡ്മിനിൽ ഒരാളായ ടി.എൻ. അജിത്കുമാർ ജില്ലാ കോടതിയിൽ മൂൻകൂർ ജാമ്യം തേടിയത്.
മദ്യപാനം പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അജിത് കോടതിയെ സമീപിച്ചത്. അതിനിടെ അജിത്കുമാറിന്റെ വസതിയിൽ എക്‌സൈസ് സംഘം റെയ്ഡ് നടത്തി.
വൈകുന്നേരം ആരംഭിച്ച റെയ്ഡ് രാത്രിവരെ നീണ്ടു. ഇയാളെ ചോദ്യം ചെയ്യാൻ വിളിച്ചിട്ട് എത്താത്ത സാഹചര്യത്തിലാണ് വീട്ടിൽ റെയ്ഡ് നടത്തിയത്. ഒരു എയർ ഗണ്ണും മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന പരിപാടിയുടെ കൂപ്പണുകളും എക്‌സൈസ് സംഘം പിടിച്ചെടുത്തു.
ജുവനൈൽ ജസ്റ്റിസ് നിയമം, മതസ്പർധ വളർത്താൻ ശ്രമം എന്നിവ അടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് വിശദ റിപ്പോർട്ട് എക്‌സൈസ് പോലീസിന് കൈമാറി. മദ്യത്തിനൊപ്പം കുട്ടികളെയും മതചിഹ്നങ്ങളെയും ചേർത്തുവച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയാണ് ഈ വകുപ്പുകൾ പ്രകാരം കേസെടുക്കാൻ എക്‌സൈസ് വകുപ്പ് പോലീസിനോട് നിർദേശിച്ചത്. ഗ്രൂപ്പിന്റെ സ്ഥാപക അഡ്മിൻ ആയ അജിത് കുമാറിനെ ഒന്നാം പ്രതിയാക്കിയും അഡ്മിൻമാരിൽ മറ്റൊരാളായ നേമം സ്വദേശിനി വിനീതയെ രണ്ടാം പ്രതിയാക്കിയുമാണു കേസ്. ഈ ഗ്രൂപ്പിന്റെ മറ്റ് 36 അഡ്മിന്മാരെ കുറിച്ച് അന്വേഷണം നടക്കുകയാണ്.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൈബർ ഗ്രൂപ്പുകളിൽ ഒന്നാണ് ജി.എൻ.പിസി. ഇരുപത് ലക്ഷത്തിനടുത്ത് അംഗങ്ങളുള്ള ഫേസ്ബുക്ക് കൂട്ടായ്മയാണിത്. സംസ്ഥാനത്തിന് പുറത്തുള്ളവരും പ്രവാസികളും ഗ്രൂപ്പിലെ അംഗങ്ങളാണ്. അംഗങ്ങൾക്ക് തലസ്ഥാനത്തുൾപ്പടെ സംസ്ഥാനത്തുടനീളമുള്ള ബാറുകളിൽ ഡിസ്‌കൗണ്ട് അടക്കമുള്ള ആനുകൂല്യങ്ങൾ നൽകിയിരുന്നതായും പറയപ്പെടുന്നു. എന്നാൽ തങ്ങളുടെ ഗ്രൂപ്പിന്റെ പേരിലുള്ള വ്യാജ ഗ്രൂപ്പുകളാണ് ഇത്തരം നിയമലംഘനങ്ങൾ നടത്തിയതെന്നും ഇത് അന്വേഷിക്കണമെന്നും അവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി.