ന്യൂദല്‍ഹി - കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഒന്നര കോടിയോളം രൂപ മൂല്യം വരുന്ന വിദേശ കറന്‍സികള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തിങ്കളാഴ്ചയാണ് കേരളത്തില്‍ 14 ഇടങ്ങളില്‍ റെയ്ഡ് നടത്തിയത്. ഹവാല കണ്ണികളെയും വിദേശ കറന്‍സികള്‍ മാറ്റി നല്‍കുന്ന അനധികൃത ഇടപാടുകാരെയും കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്ന് ഇ ഡി വ്യക്തമാക്കി. റെയ്ഡില്‍ ഒന്നരക്കോടി രൂപ മൂല്യം വരുന്ന 15 രാജ്യങ്ങളുടെ വിദേശ കറന്‍സികളാണ് പിടിച്ചെടുത്ത്. വിദേശ കറന്‍സികള്‍ മാറ്റി നല്‍കുന്ന അനധികൃത ഇടപാടുകാരില്‍ നിന്ന് രേഖകളില്ലാതെ സൂക്ഷിച്ച 1.40 കോടി രൂപയും പിടിച്ചെടുത്തു. 50 മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി. കേസില്‍ തുടര്‍അന്വേഷണം പുരോഗമിക്കുകയാണെന്നും ദുബൈ, യു എസ്, കാനഡ എന്നിവിടങ്ങളില്‍ നിന്നാണ് ഹവാല പണം എത്തിയതെന്നും ഇ ഡി പത്രക്കുറിപ്പില്‍ അറിയിച്ചു.