തലശ്ശേരി - കൃത്രിമ ജലപാത പദ്ധതിക്കെതിരെ ജലപാതാ വിരുദ്ധ സംയുക്ത സമരസമിതി നടത്തുന്ന ഉപവാസ സമരം പാനൂർ ബസ്റ്റാന്റിൽ നടന്നു. മഴയെ വകവയ്ക്കാതെ വയോജനങ്ങളടക്കം സമരത്തിൽ പങ്കെടുത്തു. സംയുക്ത സമരസമിതിയുടെ അഭിമുഖ്യത്തിൽ പാനൂർ ബസ് സ്റ്റാന്റിൽ നടന്ന ഉപവാസ സമരം പ്രമുഖ സാഹിത്യകാരൻ രാജു കാട്ടുപുനം ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ സി.പി മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ സംസാരിച്ചു.
ജലപാത സംബന്ധിച്ച് മുഖ്യമന്ത്രിയുടെ വിശദീകരണം വന്ന ശേഷവും നിരവധി സി.പിഎമ്മുകാർ സമരത്തിന്റെ ഭാഗമാകുന്നത് നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്. അതേ സമയം തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ സമരം ഹൈജാക്ക് ചെയ്യുന്നതൊഴിവാക്കാനാണ് സി.പിഎമ്മുകാർ സമരമുഖത്ത് നിലയുറപ്പിക്കുന്നതെന്നും വാദങ്ങളുണ്ട്. ജലപാത നാടിന്റെ മുഖഛായ മാറ്റുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പാനൂർ ബ്ലോക്ക് ഓഫീസ് കെട്ടിട ഉദ്ഘാടന ചടങ്ങിനിടെ അർത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയിരുന്നു. അന്ന് മുഖ്യമന്ത്രിയെ തടയാൻ ജലപാത വിരുദ്ധ സമരവുമായ് ഹിന്ദുപരിവാർ സംഘടനകളും രംഗത്ത് ഇറങ്ങിയിരുന്നു. കൃത്രിമ ജലപാതക്കെതിരെ പാർട്ടി പ്രവർത്തകരുൾപ്പെടെ ഇന്ന് നടന്ന ബഹുജന ഉപവാസത്തിൽ പങ്കാളികളായത് സി.പി.എം നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
ദേശീയ ജലപാത 3 നിയമം 2016 പ്രാബല്യത്തിൽ വന്നത് 2016 ഏപ്രിൽ 12 നാണ്. ഇതനുസരിച്ച് നിലവിലുള്ള 5 ദേശീയ ജലപാതകൾക്ക് പുറമെ 106 ജലപാതകൾ കൂടി നിർണ്ണയിക്കപ്പെട്ടിരുന്നു. 411 കിലോ മീറ്റർ ദൈർഘ്യത്തിലാണ് ദേശീയ ജലപാത 3 നിർമ്മിക്കാനുദ്ദേശിക്കുന്നത.് കോട്ടപ്പുറത്ത് നിന്ന് കോഴിക്കോട് വരെയും കോഴിക്കോട് നിന്ന് ഹോസ്ദുർഗ് വരെയും ദീർഘിപ്പിക്കും. ഇതിന് പുറമെ കൊല്ലം മുതൽ കോവളം വരെയും ദീർഘിപ്പിക്കാൻ പദ്ധതിയുണ്ട്. തുടർന്ന് കന്യാകുമാരിവരെയും ഇത് വഴി വെസ്റ്റ് കോസ്റ്റ് കനാൽ അഥവാ ദേശീയ ജലപാത മൂന്നിന്റെ ദൈർഘ്യം 411 കി.മീ ആയിരിക്കും.
ദേശീയ ജലപാത എന്നത് കോർപ്പറേറ്റ് തട്ടിപ്പ് -സി.ആർ. നീലകണ്ഠൻ
പാനൂർ - പരിസ്ഥിതി പഠനവും സാമൂഹിക സാമ്പത്തിക പ്രത്യാഘാത പഠനവും നടത്താതെയുള്ള ദേശീയ ജലപാത രൂപീകരണം കോർപ്പറേറ്റ് തട്ടിപ്പാണെന്ന് ദേശീയ ജലപാത 3 പരിസ്ഥിതി സംരക്ഷണ സമിതി ചെയർമാൻ സി ആർ നീലകണ്ഠൻ അഭിപ്രായപ്പെട്ടു. ദേശീയ ജലപാത സാമ്പത്തികമായി പരാജയപ്പെട്ടതാണ് എന്നും റിയൽ എസ്‌റ്റേറ്റ് കച്ചവടത്തിലൂടെയുള്ള ലാഭമാണ് സിയാലിന്റെത്.
സിയാൽ എന്നും സർക്കാർ ഏറ്റെടുത്ത് ചുരുങ്ങിയ വിലയ്ക്ക് നൽകുന്ന ഭൂമി മറിച്ചു വിറ്റാണ് ലാഭം കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയജലപാത രൂപീകരണം പാരിസ്ഥിതിക അഭയാർത്ഥികളെ സൃഷ്ടിക്കാനും ഉൾനാടൻ മത്സ്യത്തൊഴിലാളികളെയും നൂറുകണക്കിന് അപൂർവ്വ സ്പീഷിസിൽ പെടുന്ന ജലജീവികളുടെ നാശത്തിനും മാത്രമേ ഉപകരിക്കൂമെന്നും വ്യാവസായിക സ്ഥാപനങ്ങളോ ഇതര വൻകിട വ്യാപാരസ്ഥാപനങ്ങളോ ഇല്ലാത്ത കേരളത്തിന്റെ സാഹചര്യത്തിൽ യോജിക്കുന്നതല്ല എന്നും ആലുവ മുതൽ കാസർകോട് വരെയുള്ള ജലപാത വിരുദ്ധ പ്രാദേശിക പ്രക്ഷോഭ സമിതി പ്രവർത്തകരുടെയും പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മയായ ദേശീയജലപാത 3 പരിസ്ഥിതി സംരക്ഷണ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നിയമ ജനകീയ പോരാട്ടത്തിലെ ഭാഗമായി പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ ചേർന്ന ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടിപി രാജൻ അധ്യക്ഷത വഹിച്ചു.
അഡ്വ. ഹരീഷ് വാസുദേവൻ വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു. പ്രൊഫ. ശോഭീന്ദ്രൻ, തായാട്ട് ബാലൻ, ഏലൂർ ഗോപിനാഥ്, ഇ മനീഷ്, കെപിഎ റഹീം, ഭാസ്‌കരൻ വെള്ളൂർ, പൈലി വാത്യാട്ട്, അഷ്‌റഫ് പൂക്കോ, ലൈലാ റഷീദ്, പള്ളിപ്രം പ്രസന്നൻ, പി പി അബൂബക്ക,ർ കെ പി ചന്ദ്രാംഗദൻ, എം പി പ്രകാശൻ, പി സുമ, എടച്ചോളി ഗോവിന്ദൻ, വി പി പ്രേമൻ, കെ പി സഞ്ജീവ് കുമാർ, കെഎം അശോകൻ, ഷംസുദ്ദിൻ കോഴിക്കോട്, രാജീവൻ വടകര, അരവിന്ദാക്ഷൻ ഒറ്റപ്പാലം, പ്രകാശൻ ചോമ്പാൽ, കെകെ ചാത്തുകുട്ടി, ശ്രീനിവാസൻ നെല്ലിയാട്ട് എന്നിവർ സംസാരിച്ചു.