ആലപ്പുഴ-ആറു മാസമായി നൂറനാട് സ്വദേശികള്‍ക്ക് അശ്ലീല ഊമക്കത്തെഴുതിയവര്‍ പിടിയില്‍. നൂറനാട് സ്വദേശികളായ ശ്യാം, ജലജ, രാജേന്ദ്രന്‍ എന്നിവരാണ് പിടിയിലായത്. അയല്‍വാസികളെ കുടുക്കാനായിരുന്നു ഇവര്‍ ഊമക്കത്തെഴുതിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. അയല്‍വാസിയായ മനോജിന്റെ വീട്ടിലെ കിണറ്റില്‍ താന്‍ നായയെ കൊന്നിട്ടതായി മനോജ് ആരോപിച്ചെന്ന് പറഞ്ഞാണ് ഒന്നാം പ്രതി ശ്യാം കഴിഞ്ഞ ജനുവരിയില്‍ പൊലീസ് സ്റ്റേഷനിലെത്തുന്നത്. മനോജ് ശ്യാമിന്റെ പേരു വച്ച് അശ്ലീലച്ചുവയുള്ള കത്തുകള്‍ എഴുതാറുണ്ടെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഒരാഴ്ചയ്ക്കകം നൂറനാട് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷിന് ശ്യാമിന്റെ പേരില്‍ അശ്ലീലക്കത്ത് കിട്ടി.
പിന്നാലെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര, മുന്‍ എംഎല്‍എ കെ.കെ.ഷാജു തുടങ്ങിയവര്‍ക്കും കത്തുകളെത്തി. ആറു മാസത്തിനകം നൂറനാട് സ്വദേശികളെ തേടിയെത്തിയത് അന്‍പതോളം അശ്ലീല കത്തുകളാണ്. തുടര്‍ന്ന് ശ്യാം തന്നെ നൂറനാട് പോലീസില്‍ പരാതി നല്‍കി. പിന്നീട് നടന്ന അന്വേഷണത്തില്‍ ശ്യാമിന്റെ ആരോപണം കളവാണെന്നും ശ്യാം തന്നെയാണ് പ്രതിയെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു.
അയല്‍വാസികളായ മനോജിനോടും ശ്രീകുമാറിനോടുമുള്ള വൈരാഗ്യമാണ് ശ്യാമിനെ കത്തെഴുത്തിലേക്ക് നയിച്ചത്. മൊബൈല്‍ ലൊക്കേഷനിലൂടെ പിടിക്കാന്‍ മനോജ് പോകുന്ന സ്ഥലങ്ങളില്‍ പോയായിരുന്നു കത്തയച്ചിരുന്നത്.