തിരുവനന്തപുരം - സംസ്ഥാനത്ത് പനി കേസുകളില്‍ ഇനിയും വര്‍ധനയുണ്ടായേക്കാമെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. പനി പടരുമെന്ന് മേയ് മാസത്തില്‍ തന്നെ വിലയിരുത്തിയിരുന്നു. അതീവ ജാഗ്രത വേണം. എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തില്‍ വീഴ്ച്ച പാടില്ലെന്നും മന്ത്രി പറഞ്ഞു. ഡെങ്കിപ്പനി കൂടുതല്‍ വ്യാപിച്ച സ്ഥലങ്ങളില്‍ പ്രത്യേക പരിശോധന നടത്തും. കൊതുകുകള്‍ പെരുകുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത്. വീടുകളിലും സ്ഥാപനങ്ങളിലും മുന്‍കരുതല്‍ വേണം. കോവിഡ് കേസുകളില്‍ വര്‍ധനയുണ്ടായിട്ടില്ലെന്നും വീണാ ജോര്‍ജ് പറഞ്ഞു. കേസുകള്‍ വര്‍ധിക്കുന്നതിലല്ല, മരണം ഒഴിവാക്കാനാണ് പരിശ്രമിക്കുന്നത്. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധനകള്‍ വര്‍ധിപ്പിക്കേണ്ടതാണ്. മരണം പരമാവധി കുറയ്ക്കാനായി വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പ് വരുത്തണം. ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്ന് ഉറപ്പാക്കണം. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മോണിറ്ററിംഗ് സെല്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.